പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്…


        

തിരുവനന്തപുരം: പുരാരേഖാ വകുപ്പിലെ താത്കാലിക തസ്തികകളിൽ സ്ഥിരം നിയമനം നടത്താനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പി.എസ്.സി. ആസ്ഥാനത്ത് സംഘർഷം. പ്രതിഷേധം അക്രമാസക്തമായതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ബലപ്രയോഗവും ഉണ്ടായി. തസ്തികകളിലേക്കുള്ള അഭിമുഖം നടക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി പ്രതിഷേധവുമായി പി.എസ്.സി. ആസ്ഥാനത്തെത്തിയത്.


പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ മതിൽ ചാടി ആസ്ഥാനത്തിനകത്ത് പ്രവേശിച്ചു. ആസ്ഥാനത്തിനകത്ത് കടന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് പി.എസ്.സി. ആസ്ഥാനത്തും പരിസരത്തും കൂടുതൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. മണിക്കൂറുകളോളം പ്രദേശം സംഘർഷഭരിതമായി തുടർന്നു. പുരാരേഖാ വകുപ്പിൽ ഇത്തരത്തിൽ സ്ഥിരം നിയമനം നടത്താൻ ഔദ്യോഗിക വിജ്ഞാപനം ഉണ്ടായിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും നിയമപരമായി സ്ഥിരം നിയമനം നടത്താൻ കഴിയാത്ത തസ്തികകളിൽ പരീക്ഷയും അഭിമുഖവും നടത്തുന്നത് അഴിമതിയുടെ ഭാഗമാണെന്നും സമരക്കാർ ആരോപിച്ചു. അഭിമുഖത്തിനായി ഉദ്യോഗാർഥികൾ എത്തിയ ഘട്ടത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് വാഹനങ്ങളിൽ കയറ്റി നീക്കം ചെയ്തെങ്കിലും പി.എസ്.സി. ആസ്ഥാന പരിസരത്ത് പോലീസ് കാവൽ തുടരുകയാണ്.



أحدث أقدم