ദ്വാരം വീണ് വെള്ളം കയറി… ആറന്മുളയുടെ തിരുവോണത്തോണി പമ്പയാറ്റിൽ…



പത്തനംതിട്ട: ആറന്മുളയിലെ പ്രസിദ്ധമായ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. തോണിയിൽ ദ്വാരം വീണ് വെള്ളം കയറിയാണ് തോണി മുങ്ങിയത്. സംഭവത്തിൽ തിരുവോണത്തോണിയുടെ മണ്ഡപത്തിന്റെ മകുടത്തിനും ആണിത്തറയ്ക്കും കേടുപാടുകൾ സംഭവിച്ചു. ദേവസ്വം ബോർഡിന്റെ കൃത്യമായ പരിചരണമില്ലായ്മയാണ് തിരുവോണത്തോണിക്ക് കേടുപാടുണ്ടാകാൻ കാരണമെന്നാണ് ഉപദേശക സമിതിയുടെയും നാട്ടുകാരുടെയും ആരോപണം. ദേവസ്വം ബോർഡിന്റെ അധീനതയിലാണ് തിരുവോണത്തോണി സംരക്ഷിക്കുന്നത്.

ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് തിരുവോണത്തോണി. കാട്ടൂർ മനയിലെ കാരണവർ ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി എത്തുന്ന വഞ്ചിയാണ് തിരുവോണത്തോണി എന്ന പേരിൽ അറിയപ്പെടുന്നത്. ആറന്മുള ക്ഷേത്രക്കടവിന് സമീപത്തെ തോണിപ്പുരയിലാണ് സാധാരണയായി തിരുവോണത്തോണി സൂക്ഷിച്ചിരുന്നത്. എന്നാൽ പ്രളയകാലത്ത് തോണി കടവിലേക്ക് മാറ്റിയിരുന്നു. പള്ളിയോടങ്ങളിൽ എത്തുന്ന തുഴച്ചിൽക്കാരിൽ ചിലർ കടവിൽ കിടന്നിരുന്ന തിരുവോണത്തോണിയിലൂടെയാണ് പടവിലെത്തിയതെന്നും ഇതിനിടെയാണ് തോണി മറിഞ്ഞതെന്നും പറയപ്പെടുന്നു.


അതേസമയം, പള്ളിയോടത്തേക്കാൾ ഉറപ്പും ബലവുമുള്ളതാണ്തി രുവോണത്തോണിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. തോണി മുങ്ങിയതോടെ മണ്ഡപത്തിന്റെ മകുടം ഇളകുകയും ആണിത്തറയ്ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. തകരാറിലായ തോണി കരയ്ക്കുകയറ്റി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ശിൽപി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. വേഗത്തിൽ പണികൾ പൂർത്തിയാക്കി ഉത്രാടത്തിന് മുമ്പ് തിരുവോണത്തോണി സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം അധികൃതർ.
أحدث أقدم