രേഖകൾ പൂർണമായും ഡിജിറ്റൽ ആയതിനാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. ഇടത് സർവീസ് സംഘടനയുമായി ബന്ധമുള്ള ഒരാൾക്ക് അന്യായമായി ജോലി ലഭിക്കുന്നതിനായി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടത്തിയെന്നാണ് അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി നിയമനം ഉറപ്പാക്കുന്നതിനായി 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നുവെന്നാണ് കണ്ടെത്തൽ. ഉദ്യോഗാർഥി ഉത്തരം എഴുതാതിരിക്കുകയോ തെറ്റായി ഉത്തരം നൽകുകയോ ചെയ്ത ചോദ്യങ്ങളായിരുന്നു ഇവയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ രീതിയിലുള്ള തിരിമറി നടന്നില്ലായിരുന്നെങ്കിൽ ഉദ്യോഗാർഥിക്ക് റാങ്ക് പട്ടികയിൽ പോലും ഇടം നേടാൻ കഴിയുമായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കുന്ന തെളിവുകൾ ശേഖരിച്ചതായാണ് വിവരം. അതേസമയം, മറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽ നിന്ന് ലഭിച്ച പരാതികളിലും എസ്ഐടി അന്വേഷണം തുടരുകയാണ്. മറ്റൊരു ക്രമക്കേടിൽ കൂടി വൈകാതെ കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.