അഭിമന്യു വധക്കേസ്: 16 പ്രതികളുടെ രഹസ്യ വിചാരണ അപേക്ഷ തള്ളി


        

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് അപേക്ഷയിൽ വിധി പറഞ്ഞത്. പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ രഹസ്യവിചാരണ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

വിചാരണ റിപ്പോർട്ട് ചെയ്യുകയെന്നത് മാധ്യമപ്രവർത്തകരുടെ അവകാശമാണെന്നും അത് യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ വ്യക്തമാക്കി. വിചാരണയ്ക്കായി കോളേജ് വിദ്യാർഥികൾ കോടതിയിലെത്തിയാലും അവരെ നിയന്ത്രിക്കാൻ പൊലീസിന് കഴിയുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയിൽവച്ച് പകർത്താൻ ശ്രമിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദവും ബാലിശമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ ഒക്ടോബർ 15ന് ആരംഭിക്കും.


أحدث أقدم