
ചാറ്റ്ജിപിടിയുടെ ഉപദേശത്തെത്തുടർന്ന് അമിത അളവിൽ മരുന്നുകൾ കഴിച്ച് 19കാരൻ മരിച്ചെന്ന ആരോപണവുമായി കുടുംബം. സംഭവത്തിൽ ഓപ്പൺഎഐക്കെതിരെയാണ് യുവാവിന്റെ കുടുംബം ആരോപണം ഉന്നയിച്ചത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ വിദ്യാർഥിയായ സാം നെൽസൺ ആണ് കഴിഞ്ഞ വർഷം അമിത അളവിൽ മരുന്ന് കഴിച്ചതിനെ തുടർന്ന് മരിച്ചത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നും വിഷാദരോഗത്തിന് കഴിക്കുന്ന മരുന്നും മദ്യത്തിൽ കലർത്തിയാണ് സാം കഴിച്ചതെന്നാണ് റിപ്പോർട്ട്.
മരിക്കുന്നതിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ ഈ മരുന്നുകൾ ഒന്നിച്ച് കഴിക്കുന്നത് സുരക്ഷിതമാണോയെന്ന് സാം ചാറ്റ്ജിപിടിയോട് ചോദിച്ചിരുന്നതായി അമ്മ യുഎസ് കോൺഗ്രസ് ഹിയറിങ്ങിൽ മൊഴി നൽകി. തെളിവായി സാം ചാറ്റ്ജിപിടിയുമായി നടത്തിയ 700ലധികം ചാറ്റുകളും കുടുംബം ഹാജരാക്കി. ആദ്യഘട്ടത്തിൽ മരുന്നുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ചാറ്റ്ബോട്ട് വിസമ്മതിച്ചിരുന്നുവെന്നും പിന്നീട് ഉപയോക്താക്കളുടെ എൻഗേജ്മെന്റ് വർധിപ്പിക്കുന്നതിനായി ഓപ്പൺഎഐ വരുത്തിയ മാറ്റങ്ങൾക്ക് ശേഷം മരുന്നുകളുടെ അളവിനെക്കുറിച്ചും അവ ഒന്നിച്ച് കഴിക്കുന്നതിനെക്കുറിച്ചും നിർദേശങ്ങൾ നൽകാൻ തുടങ്ങിയെന്നും കുടുംബം ആരോപിക്കുന്നു.
സാമിന്റെ മരണത്തിൽ ഖേദമുണ്ടെന്ന് ഓപ്പൺഎഐ പ്രതികരിച്ചിട്ടുണ്ട്. സാം ഉപയോഗിച്ച എഐ മോഡൽ പിന്നീട് പിൻവലിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു. എന്നാൽ, കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, ആളുകളുടെ സുരക്ഷയെക്കാൾ ഉപയോക്താക്കളുടെ എൻഗേജ്മെന്റിന് മുൻഗണന നൽകാൻ കമ്പനികൾ നിർദേശിച്ചിരുന്നതായി മെറ്റയിലെ മുൻ ഗവേഷകനായ ജെയ്സൺ സാറ്റിസാഹൻ കോടതിയിൽ സാക്ഷ്യപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.