വിജയ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയിൽ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണ നൽകുന്നത് തുടരുമെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി. സിപിഎമ്മിന്റെയും സിപിഐയുടെയും ഏകോപന സമിതി യോഗത്തിന് പിന്നാലെയാണ് ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭയിൽ ചേരണമെന്നാവശ്യപ്പെട്ട് ടിവികെ മന്ത്രിമാർ ഇന്നലെ ഇടതുനേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, അടുത്ത ബുധനാഴ്ച ചേരുന്ന ടിവികെയുടെ സഖ്യകക്ഷി യോഗത്തിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് ഇടതുനേതാക്കൾ അറിയിച്ചു.നിലവിൽ സിപിഎമ്മിനും സിപിഐക്കും രണ്ട് എംഎൽഎമാർ വീതമാണുള്ളത്. മന്ത്രിസഭയിൽ ചേരുന്നതിന് പകരം സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന നിലപാടാണ് ഇരു പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്.