
കാസർകോട്: അധികാരികളിൽ നിന്ന് ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിൽ മനംനൊന്ത് മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വയോധികനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. പി.കെ. മോഹൻദാസ് (70) ആണ് അത്യാഹിതത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കൈവശ ഭൂമിയുടെ രേഖകൾ അധികാരികളിൽ നിന്ന് ലഭ്യമാകാത്തതിനാൽ കഴിഞ്ഞ 27 വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്തുവെന്ന് ആരോപിച്ചാണ് മോഹൻദാസ് ഒരു കൈയിൽ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിലുള്ള സംഘം മോഹൻദാസിനെ അനുനയിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഇയാൾ ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇയാളുടെ ശ്രദ്ധ തിരിക്കുന്നതിനായി, കയ്യിലുണ്ടായിരുന്ന പരാതി പ്രിന്റ് ചെയ്ത പേപ്പറിലെ മൊബൈൽ നമ്പർ തപ്പിയെടുത്ത് നിരന്തരം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. മോഹൻദാസിന്റെ ശ്രദ്ധ തിരിഞ്ഞ സെക്കൻഡുകൾക്കുള്ളിൽ, സ്റ്റേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തി സേനാംഗങ്ങളായ ജിജോ ജെ.ബി., ശ്രീ അതുൽ രവി, ഇ. പ്രസീദ്, പ്രണവ് എന്നിവർ ടവറിൽ കയറി ഇയാളെ സുരക്ഷിതമായി ബന്ധിപ്പിച്ചു. ഉടൻതന്നെ സീനിയർ ഓഫീസർ എച്ച്. ഉമേശൻ സുരക്ഷാ ഉപകരണങ്ങളുമായി ടവറിന്റെ മുകളിൽ കയറി മോഹൻദാസിനെ സുരക്ഷിതനായി താഴെയിറക്കുകയായിരുന്നു. മോഹൻദാസിന് മറ്റ് ശാരീരിക അവശതകൾ ഒന്നും തന്നെയില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം അദ്ദേഹത്തെ ബദിയടുക്ക പോലീസിന് കൈമാറി. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് വയോധികന്റെ ജീവൻ രക്ഷിച്ചത്.