
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ ഡൽഹിയിലെ ചേരി പ്രദേശങ്ങൾ തുണികെട്ടി മറച്ചെന്ന ആരോപണവുമായി പ്രതിപക്ഷം. ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ച് മേഖലയിലെ ചേരി പ്രദേശങ്ങളാണ് ലോകനേതാക്കളുടെ ശ്രദ്ധയിൽപ്പെടാത്ത വിധം തുണികൾ ഉപയോഗിച്ച് മറച്ചതെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. സംഭവത്തെ വിമർശിച്ച് എഎപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കാർട്ടൂൺ ഡൽഹിയിൽ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്.‘ചേരികളെ തുണികൊണ്ട് മറച്ചതുകൊണ്ട് യാഥാർഥ്യം മാറില്ല’ എന്ന സന്ദേശത്തോടെയാണ് എഎപി കാർട്ടൂൺ പങ്കുവെച്ചത്. ജിഡിപി വളർച്ചയുമായി ബന്ധപ്പെട്ട കണക്കുകളും പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനം. ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ലോകനേതാക്കളുടെ കണ്ണിൽനിന്ന് ഡൽഹിയിലെ ചേരികൾ മറച്ചുവെക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് എഎപിയുടെ ആരോപണം.വസന്ത് കുഞ്ചിന് പുറമെ ഡൽഹിയിലെ മറ്റ് ചില ചേരി പ്രദേശങ്ങളിലും സമാനമായ രീതിയിൽ മറച്ചുകെട്ടലുകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ദേശീയ തലസ്ഥാനത്തിന്റെ മുഖം ലോകനേതാക്കൾക്ക് മുന്നിൽ മിനുക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.എന്നാൽ, ഈ മറകൾക്ക് പിന്നിൽ കഴിയുന്നത് ദിവസക്കൂലിക്കാരും സാധാരണക്കാരുമായ മനുഷ്യരാണെന്നാണ് പ്രദേശവാസികളുടെ പ്രതികരണം. ജീവിത സാഹചര്യങ്ങൾ മറച്ചുവെക്കുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും വിമർശനം ഉയരുന്നു.2023ലെ ജി20 ഉച്ചകോടിക്ക് മുന്നോടിയായും ഡൽഹിയിലെ ചേരി പ്രദേശങ്ങൾ സമാനമായ രീതിയിൽ മറച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ബ്രിക്സ് ഉച്ചകോടിക്കിടെയും സമാനമായ നടപടി ആവർത്തിച്ചെന്നാണ് വിമർശനം.അതേസമയം, ഉച്ചകോടിക്കായി ഡൽഹിയിലെ പ്രധാന പാതകളും പ്രദേശങ്ങളും വിവിധ രാജ്യങ്ങളുടെ ദേശീയപതാകകളും സ്വാഗത ബോർഡുകളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സാധാരണക്കാരുടെ ജീവിത യാഥാർഥ്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമെന്ന ആരോപണം ശക്തമാകുന്നത്.മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിലും ചേരി പ്രദേശങ്ങൾ മറച്ചുവെച്ചെന്ന ആരോപണം വിവാദമായിരുന്നു.ചേരികളും അവിടുത്തെ മോശം ജീവിത സാഹചര്യങ്ങളും രാജ്യത്തെ സാമൂഹിക യാഥാർഥ്യത്തിന്റെ ഭാഗമാണ്. അവ ദൃശ്യങ്ങളിൽനിന്ന് മറയ്ക്കുന്നതിന് പകരം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.