ശബരിമലയിൽ അരവണ-അപ്പം ക്ഷാമം… ദേവസ്വം ബോർഡിനെതിരെ മന്ത്രി


        

തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ട സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. നട തുറന്ന സമയത്ത് അരവണ പ്ലാന്റ് ശുദ്ധീകരണത്തിനായി നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് മന്ത്രിയുടെ വിമർശനം. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കേണ്ടത് അനിവാര്യമാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും മന്ത്രി വ്യക്തമാക്കി. ഭക്തർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങാൻ പാടില്ലെന്നും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് ഇനി സർക്കാർ നിന്നുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


അരവണ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ നട അടച്ച സമയത്ത് നടത്താമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. അങ്ങനെ സാധ്യമല്ലെങ്കിൽ ബദൽ സംവിധാനം ഒരുക്കേണ്ടതായിരുന്നു. മണ്ഡലകാലത്തിന് മുൻപ് ദർശനത്തിനെത്തുന്ന ഭക്തർക്ക് അരവണയും അപ്പവും ആവശ്യമായിരിക്കില്ലേയെന്നും ബോർഡിന്റെ തീരുമാനത്തിന് കൃത്യമായ അടിസ്ഥാനം വേണമെന്നും മന്ത്രി വിമർശിച്ചു. സംഭവിച്ച അരവണ ക്ഷാമം ഒരു മുന്നറിയിപ്പായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാരിനും വിഷയത്തിൽ ഉത്തരവാദിത്വമുണ്ട്. ആവശ്യമെങ്കിൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കും. ശബരിമലയിലെ ഉത്സവ നടത്തിപ്പിന് പ്രത്യേക ടീമിനെ നിയോഗിക്കണമോയെന്ന കാര്യവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇനിയൊരു പരീക്ഷണത്തിനും തയ്യാറല്ലെന്നും ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Previous Post Next Post