തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പോൺസർ ആന്റോ അഗസ്റ്റിന്റെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. ഓഗസ്റ്റ് മൂന്നിന് ജി.എസ്.ടി വകുപ്പിന് നൽകിയ മൊഴിയിൽ, മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കത്തിൽ മുൻ എൽ.ഡി.എഫ് സർക്കാരിനാണ് പ്രധാന പങ്കെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞതായാണ് റിപ്പോർട്ട്.


മെസ്സിയെ കേരളത്തിലെത്തിക്കാൻ ആവശ്യമായ തീരുമാനങ്ങൾ അന്നത്തെ സംസ്ഥാന സർക്കാരാണ് എടുത്തതെന്നാണ് മൊഴിയിൽ പറയുന്നത്. അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ സ്പെയിനിലെത്തി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും ആന്റോ അഗസ്റ്റിൻ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. അതേസമയം, സർക്കാർ തന്നെ സ്പോൺസറാകാൻ തങ്ങളെ സമീപിച്ചെന്നും മൊഴിയിൽ പറയുന്നതായാണ് വിവരം. കേരളത്തിൽ അർജന്റീന ടീം എത്തുമെന്നും രണ്ട് മത്സരങ്ങൾ നടത്തുമെന്നും സർക്കാർ അറിയിച്ചിരുന്നുവെന്നും, സർക്കാരിനുവേണ്ടി പണം ചിലവഴിക്കാൻ തീരുമാനിച്ചത് ഗുഡ്‌വിൽ ലക്ഷ്യമിട്ടായിരുന്നുവെന്നും ആന്റോ അഗസ്റ്റിന്റെ മൊഴിയിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ സ്പോർട്സ് വകുപ്പ് അന്വേഷണ റിപ്പോർട്ടിലും മുൻ സർക്കാരിന്റെ നടപടികളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളും നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ ശുപാർശ ചെയ്തിരുന്നു.


അതേസമയം, മെസ്സി പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. സെപ്റ്റംബർ 16ന് ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും എതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിനിടെ, അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീടിന്റെ നിർമാണത്തിലും ചട്ടലംഘനം കണ്ടെത്തിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മുട്ടിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന വാഴവറ്റയിലെ വീടിന് അനുവദനീയമായ പരിധിയേക്കാൾ ഉയരവും നിലകളുമുണ്ടായിരുന്നെന്നും ഇതേത്തുടർന്ന് പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്