കാസർകോട്: പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. ഹോസ്ദുർഗ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. പോക്‌സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഖാദർ കരിപ്പൊടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2025ലാണ് കാസർകോട് വിദ്യാനഗർ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 72(1), പോക്‌സോ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.
കേസിൽ ഖാദറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്നതിനാൽ പോക്‌സോ കേസിന്റെ വിചാരണയിൽ ഹാജരായിരുന്നില്ല. ഇതോടെയാണ് കോടതി ജാമ്യം റദ്ദാക്കിയത്. അതേസമയം, വധശ്രമക്കേസിൽ ഖാദർ കരിപ്പൊടി നിലവിൽ ഒളിവിലാണ്. കഴിഞ്ഞ ജൂണിലാണ് കാസർകോട് പൊലീസ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. പള്ളിക്കര സ്വദേശിയായ അബ്ദുൽ അഹമ്മദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കേസ്. ഗൾഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൽ അഹമ്മദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും റാഷിദും അഷ്‌റഫും ചേർന്ന് മർദ്ദിച്ചെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഖാദർ ഒളിവിൽ പോകുകയായിരുന്നു. ഖാദർ കരിപ്പൊടി കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.