ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം… SIT അന്വേഷിക്കും



വയനാട്: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് കണ്ടെത്തിയ മദ്യശേഖരം പ്രത്യേക സംഘം അന്വേഷിക്കും. കേസ് ഗൗരവമുള്ളതാണെന്ന് എക്സൈസ് ജോയിന്റ് കമ്മീഷണർ വൈ. ഷിബു പറഞ്ഞു. പിടിച്ചെടുത്ത മദ്യശേഖരത്തിൽ വ്യാജമദ്യവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 12.75 ലിറ്റർ ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കണ്ടെത്തിയത്. പിടിച്ചെടുത്തതിൽ കൂടുതലും വിദേശമദ്യമാണെന്നും ജോയിന്റ് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.

മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാർ അറിയിച്ചു. മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡിനിടെ വൻ മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യം പിടിച്ചെടുക്കുകയായിരുന്നു. അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു.

ഇതിന് പിന്നാലെ എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നിന്ന് പുലർച്ചെ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. 43.85 ലിറ്റർ വിദേശമദ്യം, 6.25 ലിറ്റർ വിദേശനിർമിത വൈൻ, ഡിഫൻസ് കാന്റീനിൽ നിന്നുള്ള മദ്യം, ആൽക്കഹോൾ അടങ്ങിയ 12 ലിറ്റർ പാനീയം എന്നിവ പിടിച്ചെടുത്തതായി എഫ്ഐആറിൽ പറയുന്നു. കേസിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് പ്രതി. എക്സൈസ് നടപടി നിയമപരമാണെന്ന് എക്സൈസ് മന്ത്രി എം. ലിജു പ്രതികരിച്ചു.

أحدث أقدم