നാളെമുതൽ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല നിരാഹാരം…

 

        




തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവർ നിരാഹാരമനുഷ്ഠിക്കും. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.

എന്നാൽ, ബസ് സർവീസുകൾ നിർത്തിവച്ചുള്ള സമരത്തിലേക്ക് തൽക്കാലം കടക്കില്ലെന്ന് ഫെഡറേഷൻ വ്യക്തമാക്കി. അത്തരമൊരു സമരം സാധാരണക്കാരെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. സ്വകാര്യ ബസ് മേഖലയുടെ നിലനിൽപ്പിന് അടിയന്തര സർക്കാർ ഇടപെടൽ വേണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെയുള്ള ബസ് യാത്രാനിരക്കുകൾ വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു. സ്വകാര്യ ബസ് മേഖലയുമായി ബന്ധപ്പെട്ട പത്മകുമാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ (ആർടിഒ) നിന്നുള്ള സേവനങ്ങൾ തടസ്സങ്ങളില്ലാതെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു
أحدث أقدم