
കായംകുളം: കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന 47 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. പുല്ലുകുളങ്ങര സ്വദേശി വിനീഷ് (47) ആണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ സംഘത്തിന്റെ പിടിയിലായത്. പ്രദേശത്ത് ഏറെ നാളായി നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തിയിരുന്നയാളാണ് പ്രതിയെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്.
നേരത്തെയും ഇയാളുടെ വീട്ടിൽ പലതവണ പരിശോധന നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താനായിരുന്നില്ല. ഇന്ന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ പ്രത്യേകം സജ്ജമാക്കിയ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷിന്റെ നിർദേശപ്രകാരം പ്രിവന്റീവ് ഓഫീസർ ടോണി ടി., സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖ് എം., സുരേഷ് ആർ., വനിതാ സിവിൽ എക്സൈസ് ഓഫീസർ ആര്യ ദേവി എം.വി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്