
ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. പീരുമേട് സ്വദേശി പ്രിൻസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ പ്രിയങ്കയെയും ഭാര്യാമാതാവ് വസന്ത എന്ന നേസത്തെയുമാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്. പ്രിയങ്കയുടെ പിതാവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടിലായിരുന്നു സംഭവം.
പ്രിൻസും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായി വഴക്കിട്ടു. തുടർന്ന് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചു. പിന്നാലെ വീടിന് പുറത്തിറങ്ങിയ ഇയാൾ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പ്രിയങ്കയെ കണ്ടു. തുടർന്ന് വഴിയിൽവെച്ച് പ്രിയങ്കയെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയും വസന്തയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വഴക്കിനിടെ പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റു. ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത പ്രിൻസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു