
പാലക്കാട്: ട്രെയിനുകളിൽ യാത്രക്കാരുടെ ശ്രദ്ധതിരിച്ച് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്ടിച്ചെന്ന കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈൻ (46) ആണ് ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകനാണ് ഇയാൾ. മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന പുതിയ മൊബൈൽ ഫോൺ ട്രെയിനിൽ നിന്ന് മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സംവിധാനം ചെയ്ത ചിത്രത്തിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. പിടിയിലാകാതിരിക്കാൻ താടി വടിച്ച് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു ഇയാൾ. മോഷണമുതലുകൾ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി കഫറ്റീരിയ തുടങ്ങാനായിരുന്നു ശ്രമമെന്നും പൊലീസ് പറയുന്നു. ഷൊർണൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ടും കോഴിക്കോട് ഭാഗത്ത് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടും അഞ്ചോളം ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു