
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യം. നാളെ ഉച്ചയ്ക്കുശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ഇന്ത്യാ സഖ്യ നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് സംഘർഷസാഹചര്യം സൃഷ്ടിച്ചുവെന്ന ആരോപണം ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.
അതിനിടെ, പ്രതിഷേധക്കാരെ തടയാൻ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇടപെട്ടു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടികൾ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഇന്റർനെറ്റ്, മെട്രോ സേവനങ്ങൾ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാടില്ലെന്നും ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. പൊലീസ് നടപടികളുടെ പേരിൽ പൗരാവകാശങ്ങൾ ലംഘിക്കരുതെന്നും കോടതി നിരീക്ഷിച്ചു. പൊലീസിൽനിന്ന് നേരിട്ട അതിക്രമങ്ങൾ മുതിർന്ന അഭിഭാഷകർ കോടതിയിൽ വിവരിച്ചു. പ്രതിഷേധത്തിനിടെ ഓടുന്ന ബസിലേക്ക് വലിച്ചിഴച്ചതായി ഒരു അഭിഭാഷകൻ ആരോപിച്ചു
ഹർജികളിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി), ഡൽഹി പൊലീസ് എന്നിവർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കേണ്ടിവന്ന സാഹചര്യം വ്യക്തമാക്കാനും ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധക്കാരെ തടയാൻ സ്വീകരിച്ച നിയന്ത്രണങ്ങളും പൊലീസ് നടപടികളും ഇപ്പോൾ നിയമപോരാട്ടത്തിനും രാഷ്ട്രീയ പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്.