പത്തനംതിട്ട സിപിഎമ്മിലും വിവാദം; കോഴഞ്ചേരിയില്‍ പാര്‍ട്ടി വിടാൻ കൂടുതല്‍ നേതാക്കള്‍...




പത്തനംതിട്ട: പാലക്കാടിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിലും വിവാദം.
കോഴഞ്ചേരിയില്‍ പാർട്ടി വിടാൻ കൂടുതല്‍ നേതാക്കള്‍ ഒരുങ്ങുകയാണ്.

കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗത്തിന്റെ രാജി പരാതികള്‍ പൂഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

ഒരു ലോക്കല്‍ സെക്രട്ടറിക്കും മറ്റൊരു ഏരിയ കമ്മിറ്റി അംഗത്തിനും എതിരെ നല്‍കിയ പരാതികളാണ് പൂഴ്ത്തിയതായി ആരോപിക്കുന്നത്. സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ ഗൗരവമേറിയ പരാതികളില്‍ പോലും നടപടിയില്ലെന്ന് നേതാക്കള്‍ പറയുന്നു.

ഇന്നലെ കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് രാജിവെച്ചിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയെ തുടർന്നാണ് രാജി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഒഴിയുമെന്ന് ടിം ടൈറ്റസ് അറിയിച്ചു.

വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ വിഭാഗീയത ശക്തമായതോടെ കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി യോഗം ചേരാൻ കഴിഞ്ഞില്ല. ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാൻ എത്തിയത് 5 പേർ മാത്രമാണ്.

അനർഹരെ ജില്ലാ നേതൃത്വത്തില്‍ തിരികെ കയറ്റിയെന്ന് ആരോപിച്ച്‌ തിരുവല്ല ഏരിയ കമ്മിറ്റിയില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് പരാതിപ്രളയമാണ് ലഭിക്കുന്നത്.

അതേസമയം, ബിജെപി വിട്ടെത്തിയയാളെ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച്‌ പന്തളം ഏരിയ കമ്മിറ്റിയിലെ പരസ്യ പ്രതിഷേധവും തുടരുകയാണ്.
Previous Post Next Post