തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ നടന്ന ക്രമക്കേടിൽ പബ്ലിക് സർവീസ് കമ്മീഷനെതിരെ (പി.എസ്.സി) ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച്. പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് വെറുമൊരു ക്ലറിക്കൽ വീഴ്ചയല്ലെന്നും, ഒന്നാം റാങ്കുകാരനെ സഹായിക്കാനായി നടപ്പിലാക്കിയ ബോധപൂർവ്വമായ നീക്കമാണെന്നും അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണം നേരിടുന്ന പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും അടക്കം സംരക്ഷിക്കാനാണ് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി കോടതിയെ സമീപിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ആദ്യ പട്ടികപ്രകാരം ഒന്നാം റാങ്ക് കരസ്ഥമാക്കിയ അരുൺ ജെ. പ്രതാപ് അപൂർണ്ണമായ ഉത്തരങ്ങളാണ് പത്ത് ചോദ്യങ്ങൾക്ക് നൽകിയിരുന്നത്. ഈ ഉത്തരങ്ങൾ മൂല്യനിർണയത്തിൽ നിന്നും മനപ്പൂർവ്വം ഒഴിവാക്കി നൽകുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.ഇതിനുപുറമേ, ക്രമക്കേട് പുറത്തറിയാതിരിക്കാൻ പരീക്ഷാർത്ഥികൾക്ക് മാർക്ക് ഷീറ്റും ഉത്തരക്കടലാസിന്റെ പകർപ്പും കൈമാറുന്നതിൽ പി.എസ്.സി വലിയ രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിച്ചു.
ജയലാൽ എന്ന ഉദ്യോഗാർത്ഥി ഉത്തരക്കടലാസിനായി 2025 ജൂൺ 11-ന് അപേക്ഷ സമർപ്പിച്ചെങ്കിലും ഒരു വർഷത്തിന് ശേഷം 2026 ജൂൺ 18-നാണ് പി.എസ്.സി മറുപടി നൽകിയത്. ബോധപൂർവ്വമായ ഈ വൈകിപ്പിക്കൽ തട്ടിപ്പ് പുറത്തുവരാതിരിക്കാനായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കാതെ വിട്ടുനിൽക്കുന്ന പി.എസ്.സിയുടെ നടപടി ദുരൂഹമാണെന്നും ക്രിമിനൽ ഗൂഢാലോചന മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വൻ അട്ടിമറി ആരോപണം ഉയർന്ന പരീക്ഷയിൽ പുനർമൂല്യനിർണയം പൂർത്തിയാക്കിയതോടെ പരാതിക്കാരനായ ഉദ്യോഗാർത്ഥി ഒന്നാം റാങ്കിലെത്തുകയും ആദ്യത്തെ ഒന്നാം റാങ്കുകാരൻ അഞ്ചാം റാങ്കിലേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു. പി.എസ്.സി സമർപ്പിച്ച ഹർജി തള്ളണമെന്നും കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.