
യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സാനിറ്ററി നാപ്കിൻ ആവശ്യമായി വന്നാൽ ഇനി കട തേടി അലയേണ്ടിവരില്ല. കെഎസ്ആർടിസി കേന്ദ്രങ്ങളിൽ കുറഞ്ഞ നിരക്കിൽ നാപ്കിൻ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് കേരളത്തിൽ നാളെ തുടക്കമാകും. സ്ത്രീകളുടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ഡബ്ല്യൂഒഎംഎൻ (WOMN – Women On the Move & Menstrual Needs) പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് തുടക്കമാകുന്നത്.
പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ 14 കേന്ദ്രങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഉപയോഗിച്ച നാപ്കിനുകൾ ശുചിത്വത്തോടെ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്ററുകളും സ്ഥാപിക്കും. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകളാണ് ലഭിക്കുക. പാക്കറ്റിന് 10 രൂപയാണ് വില.
യാത്രയ്ക്കിടെ അടിയന്തരമായി നാപ്കിൻ ആവശ്യമായി വരുന്ന സ്ത്രീകൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ഉപയോഗിച്ച നാപ്കിനുകളുടെ ശരിയായ സംസ്കരണവും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുസ്ഥലങ്ങളിൽ നേരിടുന്ന ഇത്തരം അടിയന്തര ആവശ്യങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
പൈലറ്റ് പദ്ധതി വിജയകരമായാൽ രണ്ടാംഘട്ടത്തിൽ കെഎസ്ആർടിസി ഡിപ്പോകൾക്ക് പുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പൊതുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ നടക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം മേയർ വി.വി. രാജേഷ് മുഖ്യാതിഥിയാകും.
യാത്രയ്ക്കിടെ ഉണ്ടാകുന്ന ഒരു ചെറിയ അടിയന്തര ആവശ്യം പോലും സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടായി മാറാതിരിക്കാനും ശുചിത്വപരമായ സംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിലെ 14 കേന്ദ്രങ്ങൾക്ക് പിന്നാലെ കൂടുതൽ പൊതുസ്ഥലങ്ങളിലേക്ക് സൗകര്യം എത്തിക്കുന്നതോടെ ഇതിന്റെ പ്രയോജനം കൂടുതൽ സ്ത്രീകളിലേക്ക് വ്യാപിക്കുമെന്നാണ് പ്രതീക്ഷ