
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന നിര്‍ണായക മാറ്റം. വീടുകളിലെ എയര്‍ കണ്ടീഷണറും 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ നിന്ന് ഔദ്യോഗികമായി ഒഴിവാക്കി. രോഗികളടക്കമുള്ള വീടുകളില്‍ പലപ്പോഴും എയര്‍ കണ്ടീഷന്‍ ചെയ്യേണ്ടി വരാറുണ്ടെങ്കിലും അതിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. അതുപോലെ 1000 സിസിയില്‍ താഴെയുള്ള ചെറുകാറുകളും ഓട്ടോറിക്ഷകളും പോലുള്ള വാഹനങ്ങളുള്ളതിന്റെ പേരിലും ഒട്ടനവധി വയോജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇവ രണ്ടും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഈ സുപ്രധാന തീരുമാനം.
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുമെന്ന് നേരത്തെ നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ടിപി. അഷ്റഫ് അലി എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഇളവുകള്‍ നടപ്പിലാകുന്നതോടെ കൂടുതല്‍ അര്‍ഹരായ ആളുകളിലേക്ക് ക്ഷേമപെന്‍ഷന്‍ ആനുകൂല്യം ലഭ്യമാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ക്ഷേമ പദ്ധതിയാണ് കേരളത്തിലെ സാമൂഹ്യസുരക്ഷാ/ക്ഷേമ പെൻഷനുകൾ. തദ്ദേശ സ്വയംഭരണ വകുപ്പ് വഴിയാണ് ഈ പെൻഷനുകൾ വിതരണം ചെയ്യുന്നത്.