പട്ടിത്താനം ബൈപാസ് റോഡിൽ ടാങ്കർ ലോറിയിലെ ശുചിമുറി മാലിന്യം ഒഴുക്കിവിട്ട സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ഏറ്റുമാനൂർ വള്ളിക്കാട് മന്നാമലയിൽ മിഥുൻ (32), പട്ടിത്താനം വട്ടമലയിൽ ലിനു ബേബി (36) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തവളക്കുഴി മുതൽ ഏറ്റുമാനൂർ ക്ഷേത്ര വടക്കെ നട വരെയുള്ള റോഡിലുടനീളം മാലിന്യം പരന്നൊഴുകിയത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കി.
പരാതിയുമായി നാട്ടുകാരും നഗരസഭയും രംഗത്തെത്തിയതോടെ 3 മണിക്കൂറിനുള്ളിൽ സാമൂഹിക വിരുദ്ധരെ പിടികൂടി പൊലീസ്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇവർ ടാങ്കർ ലോറിയിൽ എത്തിച്ച ശുചിമുറി മാലിന്യം ബൈപാസ് റോഡിൽ തള്ളിയത്. മാലിന്യം തള്ളുന്നതിനിടെ വാഹനയാത്രക്കാർ ശ്രദ്ധിക്കുന്ന കണ്ട സംഘം ടാങ്കർ ലോറിയുടെ ടാപ്പ് അടയ്ക്കാതെ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.
ഇതാണ് റോഡിലേക്ക് മാലിന്യം വീഴാൻ കാരണം. പ്രഭാത സവാരിക്കാരാണു സംഭവം നാട്ടുകാരെ അറിയിക്കുന്നത്. ദുർഗന്ധം മൂലം റോഡിലൂടെ നടക്കാനാവാത്ത അവസ്ഥയായിരുന്നു. ഇതുമൂലം ക്ഷേത്ര ദർശനത്തിനെത്തിയവരും ദുരിതത്തിലായി.തവളക്കുഴിക്കു സമീപം റോഡിൽ തള്ളിയ മാലിന്യം വടക്കേനട വരെ റോഡിലൂടെ പടർന്ന് ഒഴുകിയ നിലയിലായിരുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ മാലിന്യം കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്ന അവസ്ഥയും ഉണ്ടായി. പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയും നഗരസഭ വൈസ് ചെയർപഴ്സന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി കുമ്മായം വിതറുകയുമായിരുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തുവെന്നും പ്രതികളുടെ അറസ്റ്റ് രേഖപ്പെത്തിയതായും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് ഡ്രൈവറെയും കൂട്ടാളിയേയും പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം മാലിന്യം തള്ളിയ പ്രദേശത്ത് തന്നെ നിലയുറപ്പിച്ച സംഘം പൊലീസിന്റെ അടക്കം നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.അർധരാത്രിയിലും പുലർച്ചെയുമാണ് ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത്.