
കൊച്ചിയിലെ നോർത്ത് പറവൂരിന് അടുത്തുള്ള കൈതാരത്തുള്ള വീട്ടിൽ, തിളങ്ങുന്ന നീലക്കണ്ണുകളാൽ കുടുംബാംഗങ്ങളെ നോക്കിക്കൊണ്ട് അനങ്ങാതെ കിടക്കുകയാണ് നാല് വയസ്സുള്ള ഒരു സൈബീരിയൻ ഹസ്കി. ചികിത്സ പിഴവ്മൂലം ശരീരം തളർന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ തന്റെ വളർത്തുനായ് അകിരക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൈതാരം അഞ്ജലിയിൽ എ.പി. വിഷ്ണുപ്രസാദ് പറവൂർ മൃഗാശുപത്രിക്ക് മുന്നിൽ സമരത്തിലാണ്.
മൃതാവസ്ഥയിലായ നായയേയും കൂട്ടിയാണ് സമരത്തിനെത്തിയത്. ലക്ഷങ്ങൾ വിലയുള്ള സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട നായയുടെ ശരീരമാണ് ഡോക്ടറുടെ ചികിത്സാപ്പിഴവ് മൂലം തളർച്ചയിലായത്. നായക്ക് ‘ടിക് ഫീവർ’ (ചെള്ളുപനി) ആണെന്ന് തെറ്റായ നിഗമനത്തിൽ നടത്തിയ ചികിത്സയാണ് ഈ അവസ്ഥക്ക് കാരണമായതെന്ന് വിഷ്ണുപ്രസാദ് പറയുന്നു. മണ്ണൂത്തി വെറ്റിനറി കോളേജിലെ പരിശോധനയിൽ നായയുടെ കരളിൽ അർബുദ ബാധയാണെന്ന് വ്യക്തമായിരുന്നു.
തുടർചികിത്സക്കായി ലക്ഷങ്ങൾ വേണ്ടി വരുമെന്നും താൻ സ്നേഹിച്ചുവളർത്തിയ നായയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരായവർ പണം ചെലവിട്ട് തുടർ ചികിത്സ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം നായക്ക് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഷ്ണുപ്രസാദിന്റെ സമരം.
സെപ്റ്റംബർ 2-നാണ് അകിരയുടെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. അന്ന് അവളുടെ വലതു മുൻകാൽ നിലത്തുരസി നീങ്ങുന്നത് (ഇതിനെ ‘നക്ലിംഗ്’ എന്ന് വിളിക്കുന്നു) വിഷ്ണുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവൾ തീർത്തും അവശയായിരുന്നു, രണ്ടു ദിവസമായി ഭക്ഷണം കഴിക്കാനും കൂട്ടാക്കിയിരുന്നില്ല. അദ്ദേഹം ഉടൻ തന്നെ അവളെ നോർത്ത് പറവൂർ പോളിക്ലിനിക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു.