
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജ സ്വർണം (മുക്കുപണ്ടം) പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. മണ്ണന്തല പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായ അഖിൽ രാജും കുടുംബവും ചേർന്ന് കാനറ ബാങ്കിൽ നിന്ന് 52,89,000 രൂപ തട്ടിയെടുത്ത കേസിലാണ് അഖിൽ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ ബാങ്കിലെ അപ്രൈസറായ വിജയകുമാറും പിടിയിലായിട്ടുണ്ട്.
അഖിൽ രാജും ഭാര്യ അനഘയും അമ്മയും ചേർന്ന് ഗൂഢാലോചന നടത്തി, നാലാഞ്ചിറയിലെ കാനറ ബാങ്കിൽ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം സ്വർണ്ണമാണെന്ന് സാക്ഷ്യപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ബാങ്കിലെ അപ്രൈസറായ വിജയകുമാറിനെ സ്വാധീനിച്ചാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ തട്ടിപ്പ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ മുക്കുപണ്ടം വെച്ച് 18 ലക്ഷം രൂപയും, ജൂലൈയിൽ 20 ലക്ഷം രൂപയും, മറ്റൊരു ദിവസമായി 14 ലക്ഷം രൂപയുമാണ് ഇവർ തട്ടിയെടുത്തത്. ഈ കേസിൽ ഒക്ടോബർ 6-നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിയെടുത്ത പണം മുഴുവൻ ഓൺലൈൻ റമ്മി കളിക്കാനാണ് അഖിൽ രാജ് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കയ്യിലുള്ള സമ്പാദ്യം മുഴുവൻ റമ്മി കളിച്ച് നഷ്ടപ്പെട്ടതിനെ തുടർന്നാണ് കുടുംബത്തെയും കൂട്ടി ഇയാൾ മുക്കുപണ്ട തട്ടിപ്പിലേക്കിറങ്ങിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.