
മലപ്പുറം: ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇടനിലക്കാരനായി പ്രവർത്തിച്ച 18കാരനെ പൊലീസ് പിടികൂടി. മലപ്പുറം ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി വിദ്യാർഥികൾ സൈബർ തട്ടിപ്പ് കേസുകളിൽ കുടുങ്ങിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പത്തിലധികം കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദ്യാർഥികളുടെ സുഹൃത്തും ചിലരുടെ ബന്ധുവുമായ യുവാവാണ് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് തട്ടിപ്പിന് സഹായിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ എത്തിക്കുകയായിരുന്നു രീതി. തുടർന്ന് അക്കൗണ്ട് ഉടമകൾക്ക് 5,000 മുതൽ 10,000 രൂപ വരെ കമ്മീഷൻ നൽകി പണം പിൻവലിച്ച് വാങ്ങും. തങ്ങളുടെ അക്കൗണ്ടുകളിലെത്തുന്നത് തട്ടിപ്പ് പണമാണെന്ന് അറിയാതെയാണ് പലരും അക്കൗണ്ടുകൾ കൈമാറിയതും പണം പിൻവലിച്ചു നൽകിയതും. എന്നാൽ, പിന്നീട് പണമിടപാടുകൾ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമായതോടെ അക്കൗണ്ട് ഉടമകളും കേസുകളിൽ പ്രതികളായി. ഇതോടെ നിരവധി വിദ്യാർഥികളുടെ പഠനവും ഭാവിയും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം കേസുകൾ വിദേശയാത്രകൾക്കും സർക്കാർ ജോലികൾക്കായുള്ള പരീക്ഷകൾക്കും തിരിച്ചടിയാകാനുള്ള സാധ്യതയുമുണ്ട്.
തട്ടിപ്പ് പണത്തിന്റെ ഉറവിടം രാജസ്ഥാനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അവിടുത്തെ പൊലീസ് സംഘം ചങ്ങരംകുളത്തെത്തി അന്വേഷണം നടത്തിയത്. സംശയമുള്ളവരെ ചോദ്യം ചെയ്തതിന് പിന്നാലെ ചങ്ങരംകുളം പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ആവശ്യപ്രകാരമാണെങ്കിലും സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റുള്ളവരുടെ പണമിടപാടുകൾക്കായി വിട്ടുനൽകുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു