
തൃശൂർ: ടോൾ പിരിവിനെച്ചൊല്ലിയുള്ള തർക്കം നാട്ടികയിൽ യാത്രക്കാരെ വലച്ചു. ടോൾ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ടോൾ പ്ലാസയ്ക്ക് മുന്നിൽ നിർത്തിയിട്ട് പണിമുടക്കിയതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ മറ്റ് ബസുകളും സർവീസ് നിർത്തി യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതോടെ നിരവധി പേർ ദുരിതത്തിലായി. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നാട്ടിക ടോൾ പ്ലാസയിലെ വിവിധ പാതകളിൽ നിർത്തിയിട്ട് പ്രതിഷേധം ആരംഭിച്ചത്.
ഈ ബസുകൾ ഇതുവരെ ടോൾ നൽകിയിരുന്നില്ല. സർവീസ് റോഡിലൂടെ മാത്രമേ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകൾക്ക് സർവീസ് നടത്താൻ അനുമതിയുള്ളൂ. കെ.എസ്.ആർ.ടി.സിയുടെ മിന്നൽ, ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്കാണ് ദേശീയപാതയിലെ ആറുവരിപ്പാതയിലൂടെ സർവീസ് നടത്താൻ അനുമതിയുള്ളത്. എന്നാൽ നാട്ടിക ടോൾ പ്ലാസയിൽ സർവീസ് റോഡ് ഇല്ലാത്തതിനാൽ ടോൾ നൽകാനാകില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. സർവീസ് റോഡ് നിർമിച്ചശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാവൂ എന്നാണ് ഇവരുടെ ആവശ്യം. അതേസമയം, 23 മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നും അതിന് മുമ്പായി ബസുടമകൾ ടോൾ പ്ലാസയിലെത്തി ചർച്ച നടത്തണമെന്ന് അറിയിച്ചിരുന്നതായും ടോൾ കമ്പനി അധികൃതർ വ്യക്തമാക്കി.
ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ബസുകൾ ടോൾ പ്ലാസയിൽ നിർത്തിയിട്ട് യാത്രക്കാരെ ഇറക്കിവിട്ട് സമരം ആരംഭിച്ചത്. തുടർന്ന് വലപ്പാട് സി.ഐ. പി.കെ. പത്മരാജന്റെ നേതൃത്വത്തിൽ ബസുടമകളുടെ പ്രതിനിധികളും ടോൾ പ്ലാസ അധികൃതരും തമ്മിൽ ചർച്ച നടത്തി. ഒരാഴ്ചത്തേക്ക് ടോൾ പിരിവ് നടത്തില്ലെന്നും ഈ സമയത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്നും ധാരണയായി. ഇതോടെ രാവിലെ പതിനൊന്നോടെ ബസുടമകൾ സമരം പിൻവലിച്ചു. സമരം പിൻവലിച്ചതോടെ ദേശീയപാതയിലെ ഗതാഗതം സാധാരണ നിലയിലായി