പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന് ക്ഷേത്രം



തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ സ്മരണയ്ക്കായി ആന്ധ്രപ്രദേശിൽ ക്ഷേത്രവും സ്മാരകവും നിർമിക്കുന്നു. കർണൂൽ ജില്ലയിലെ യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കൽ ഗ്രാമത്തിലാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്രസമുച്ചയം ഒരുങ്ങുന്നത്. നവംബർ 15ന് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു. അഡോണിയിൽ നിന്നുള്ള ബിജെപി എംഎൽഎ പി.വി. പാർഥസാരഥി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് പാർട്ടികളിലെ പ്രാദേശിക നേതാക്കളും ട്രസ്റ്റ് അംഗങ്ങളും ചടങ്ങിനെത്തി. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നേതാവിനെ വളർത്തിയെടുത്ത അമ്മയ്ക്കുള്ള ആദരവാണ് ക്ഷേത്രമെന്ന് പി.വി. പാർഥസാരഥി ചടങ്ങിൽ പറഞ്ഞു. സംഭാവനകൾ ഉപയോഗിച്ച് ഘട്ടംഘട്ടമായാണ് ക്ഷേത്രസമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കുകയെന്ന് മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൻ. ശിവകുമാർ അറിയിച്ചു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പ്രതിഷ്ഠിക്കാനായി ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹവും തയ്യാറായിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. ക്ഷേത്രവും സ്മാരകവും പൂർത്തിയാകുന്നതോടെ ഗുഡിക്കൽ ഗ്രാമത്തിൽ ഹീരാബെൻ മോദിയുടെ സ്മരണയ്ക്കായി പ്രത്യേക സ്മാരക സമുച്ചയം നിലവിൽ വരും

أحدث أقدم