വി ഡി സതീശൻ്റെ ഫോട്ടോ വെച്ച ന്യൂസ് കാർഡുകള്‍ മെറ്റ നീക്കം ചെയ്തത് സര്‍ക്കാർ ആവശ്യപ്രകാരം: രമേശ് ചെന്നിത്തല





മുഖ്യമന്ത്രി വി ഡി സതീശൻറെ ഫോട്ടോ വെച്ച റിപ്പോർട്ടർ ടിവിയുടെ ഉൾപ്പെടെയുള്ള ന്യൂസ് കാർഡുകൾ നീക്കം ചെയ്തത് സർക്കാർ ആവശ്യപ്രകാരമെന്ന് സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയസഭയിലെ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളുള്ള ന്യൂസ് കാർഡുകൾ നീക്കം ചെയ്യാൻ നടപടി എടുത്തോ? സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ചോ​ദ്യത്തിനാണ് മറുപടി. പരാതികളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളുമുണ്ടെന്നായിരുന്നു മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിമാരുടെ ചിത്രങ്ങൾ ഉൾപ്പെട്ട ന്യൂസ് കാർഡുകളും നീക്കം ചെയ്തിട്ടുണ്ടെന്നും മറുപടിയിൽ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്നാണ് കാർഡുകൾ നീക്കം ചെയ്യിപ്പിച്ചതെന്നും ഐടി ആക്ട് പ്രകാരമാണ് നടപടിയെന്നും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻറെ സഹ്യോഗ് പോർട്ടൽ വഴിയാണ് ഇവ നീക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വി ഡി സതീശൻ്റെ ഫോട്ടോ വെച്ച ന്യൂസ് കാർഡ് മെറ്റ നിരന്തരമായി നീക്കം ചെയ്യാൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ നിഴൽചിത്രം വെച്ചാണ് റിപ്പോർട്ടർ ടി വി ന്യൂസ് കാർഡുകൾ ചെയ്യുന്നത്.
പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നോട്ടീസ് നൽകിയെന്നും ആഭ്യന്തരമന്ത്രി മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നടപടി എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇത് പ്രകാരം15627 പോസ്റ്റുകൾ നീക്കം ചെയ്തെന്നാണ് നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്. 4201 പരാതിയിൽ 3472 എണ്ണത്തിൽ നടപടി സ്വീകരിച്ചു എന്നും മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്ന നിലപാട്.


أحدث أقدم