വെടിയേറ്റ നിലയിൽ മൃതദേഹങ്ങൾ…. കശ്മീരിൽ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് വീരമൃത്യു



ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ കാണാതായ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വനമേഖലയിൽ കണ്ടെത്തി. ദേഹമാസകലം വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. ദച്ചൻ സ്വദേശികളായ റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. കിഷ്ത്വാറിലെ മർവാർ മേഖലയിലുള്ള ദെഹാർന വനമേഖലയിൽ ബുധനാഴ്ച പട്രോളിങ്ങിനായി പോയ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) അംഗങ്ങളായിരുന്നു ഇരുവരും. കിയാർ ദച്ചനിൽ നിന്ന് ഇന്ദർവാൻ മേഖലയിലെ ബസ്‌നാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ.

ബസ്‌നാനിൽ വിന്യസിച്ചിരുന്ന കരസേനയുടെ 17 രാഷ്ട്രീയ റൈഫിൾസ് സംഘത്തിന് പകരം ചുമതലയേൽക്കാനായിരുന്നു യാത്ര. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ വനമേഖലയിൽ വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മർവാർ മേഖലയിൽ എയർടെൽ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും തടസ്സപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ തിരച്ചിൽ ആരംഭിച്ചു. വൈകിട്ട് ഏഴുമണിയോടെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ എസ്.ഒ.ജി സംഘം പ്രദേശത്തേക്ക് തിരിച്ചു. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് ദച്ചൻ വനമേഖലയിൽനിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്താൻ സൈന്യവും പോലീസും സി.ആർ.പി.എഫും സംയുക്തമായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. അതിനിടെ, കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ചെക്ക്പോസ്റ്റിന് നേരെ നടന്ന മറ്റൊരു വെടിവെപ്പിൽ മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ അക്രമികളാണ് വെടിയുതിർത്തത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്

Previous Post Next Post