പ.പരുമല തിരുമേനിയുടെ 118-ാമത് ഓര്മ പെരുനാളിനോട് അനുബന്ധിച്ച പദയാത്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനമായി.
തിരുവല്ല എംഎല്‍എ മാത്യു ടി തോമസിന്റെയും ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെയും സാന്നിധ്യത്തില്‍ തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ പരുമല പെരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പെരുനാളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി 50 ആയി നിജപ്പെടുത്തും.
ജനപങ്കാളിത്തം പരിമിതപ്പെടുത്തിയത് സംബന്ധിച്ച് അനൗണ്‍സ്മെന്റ് നടത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
തിരുവല്ല, ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തും.
പള്ളിയുടെ പരിസരത്തുള്ള അനധികൃത വഴിയോര കച്ചവടം, വ്യാപാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍ഡിഒ എന്നിവരെ ചുമതലപ്പെടുത്തി.