ശോഭാ സുരേന്ദ്രൻ രണ്ടും കല്പിച്ച്; ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായി

.


തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രൻ്റെ പരസ്യവിമർശനത്തോടെ പാർട്ടിയിൽ കെട്ടടങ്ങി നിന്ന ചേരിപ്പോരിന് ജീവൻ വെച്ചു. 

 പുന:സംഘടനയിൽ അതൃപ്തരായ നേതാക്കളെ ഒപ്പം നിർത്തി പുതിയ ഗ്രൂപ്പിനുള്ള ശ്രമം ശക്തമാക്കാനൊരുങ്ങുകയാണ് ശോഭ. ഗ്രൂപ്പ് പോര് അതിശക്തമായ കാലത്ത് പോലും സംസ്ഥാന ബിജെപിയിൽ പരസ്യ വിമർശനം ഉണ്ടായിരുന്നില്ല. മാസങ്ങളായി പാർട്ടി നേതൃത്വവുമായുള്ള അകൽച്ചയുടെ കാരണം പുന:സംഘടനയിലെ അതൃപ്തി തന്നെയാണെന്നാണ് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കുന്നത്. 

കെ സുരേന്ദ്രൻ പ്രസിഡണ്ടായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡൻ്റാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞത് ഭിന്നത രൂക്ഷമാക്കി. അവസാന പ്രതീക്ഷയായിരുന്ന മഹിളാമോർച്ച ദേശീയ അദ്ധ്യക്ഷ പദവി  തമിഴ്നാടിന് പോയയതോടെയാണ് എതിർപ്പ് പരസ്യമാക്കി ശോഭ ശുരേന്ദ്രൻ രംഗത്ത് എത്തിയത്. സംസ്ഥാനത്തു നിന്നുള്ള കരുനീക്കങ്ങളാണ് ദേശീയ നേതൃനിരയിലേക്ക് ഉയരാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചതെന്ന ഉറച്ച വിശ്വാസമാണ് ശോഭക്കുള്ളത്.

ഇതിനിടെ സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ അപവാദങ്ങൾ ഉയർത്തുന്ന പ്രചാരണത്തിന് പിന്നിൽ പാർട്ടിയിലെ എതിർചേരിയാണെന്നും ശോഭ സംശയിക്കുന്നുണ്ട്. ഒരേ സമയം സംസ്ഥാന -ദേശീയ നേതൃത്വങ്ങൾ അവഗണിച്ചുവെന്ന് കരുതുന്ന ശോഭാ സുരേന്ദ്രന്റെ അടുത്ത നീക്കം പ്രധാനമാണ്.

 ബി. രാധാകൃഷ്ണമേനോൻ, ജെ ആർ പത്മകുമാർ അടക്കം സുരേന്ദ്രൻ പ്രസിഡൻ്റായതോടെ തഴയപ്പെട്ടവരെ യോജിപ്പിച്ച് പുതിയ ഗ്രൂപ്പിനുളള ശ്രമവും അവർ നടത്തുണ്ട്. എം ടി രമേശിനെ ജനറൽ സെക്രട്ടറി സ്ഥാനത്തും എ എൻ രാധാകൃഷ്ണനെ കോർ കമ്മിറ്റിയിലും നിലനി‍ർത്തിയതോടെ കലാപക്കൊടി ഉയർത്തിയ കൃഷ്ണദാസ് പക്ഷം ഇപ്പോൾ കെ. സുരേന്ദ്രനുമായി നല്ല ബന്ധത്തിലുമാണ്.  

അതേസമയം ദേശീയ നേതൃത്വവുമായി ആലോചിച്ച് മാത്രമാകും ശോഭയുടെ പരസ്യ വിമർശനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം ഉണ്ടാവുകയെന്നാണ് അറിയുന്നത്.
Previous Post Next Post