പരാതികളുമായെത്തിയവര്‍ക്ക് സാന്ത്വന സ്പര്‍ശം








 കോട്ടയം : മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി മന്ത്രിമാരായ പി. തിലോത്തമന്‍റെയും ഡോ. കെ.ടി. ജലീലിന്‍റെയും നേതൃത്വത്തില്‍ മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ അദാലത്തില്‍ പരാതികളുമായെത്തിയവര്‍ക്ക് സമാശ്വാസം. മീനച്ചില്‍, കോട്ടയം താലൂക്കുകളില്‍നിന്നുള്ള പരാതികളാണ് ആദ്യ ദിനമായ ഇന്നലെ പരിഗണിച്ചത്. 

ഭിന്നശേഷിക്കാരും വയോധികരുമായ അപേക്ഷകരുടെ അരികിലെത്തിയാണ് മന്ത്രിമാര്‍ പരാതി പരിഹാരവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ അദാലത്തില്‍ 
വിവിധ വകുപ്പുകള്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. 

സന്തോഷം പകര്‍ന്ന് മഞ്ഞക്കാര്‍ഡ്

മഞ്ഞക്കാർഡ് കിട്ടിയ സന്തോഷത്തിലാണ് തിരുവാർപ്പ് സ്വദേശിനി കാർത്യായനി നാരായണൻ.
ബി.പി.എൽ കാർഡ് എഎവൈ വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായിട്ടാണ് കാർത്യായനി അദാലത്തിനെത്തിയത്. ഭർത്താവ് മരിച്ചിട്ട് വര്‍ഷങ്ങളായി. രണ്ടു പെണ്‍മക്കള്‍ വിവാഹിതരാണ്. 

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന അവസ്ഥ കണക്കിലെടുത്താണ് എ.എ.വൈ വിഭാഗത്തിൽ ഉൾപെടുത്തി മഞ്ഞ നിറത്തിലുള്ള കാർഡ് അദാലത്തിൽ നല്‍കിയത്. 

അലിയാര്‍ക്ക് അരികിലെത്തി സഹായം
അസ്ഥിക്ക് തേയ്മാനം സംഭവിക്കുന്ന രോഗത്തിന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന ഈരാറ്റുപേട്ട സ്വദേശി അലിയാർക്ക് അദാലത്തില്‍ 25000 രൂപ ധനസഹായം അനുവദിച്ചു. 

ഓപ്പറേഷനും തുടർ ചികിത്സയ്ക്കും വേണ്ട പണത്തിനായാണ് എഴുപതുകാരനായ ഇദ്ദേഹം അപേക്ഷ സമര്‍പ്പിച്ചിരുന്നത്. രോഗിയായ ഭാര്യയും കൂലിപ്പണിക്കാരായ മക്കളും അടങ്ങുന്നതാണ് അലിയാരുടെ കുടുംബം. മന്ത്രിമാരായ പി. തിലോത്തമനും ഡോ. കെ.ടി. ജലിലും സദസില്‍ ഇദ്ദേഹത്തിന്‍റെ അരികിലെത്തിയാണ് ധനസഹായത്തിന്‍റെ രേഖ കൈമാറിത്. 

ആഫിയയ്ക്ക് ആശ്വാസം

സെറിബ്രൽ പാൾസി രോഗം ബാധിച്ച് ജന്മനാ ചലന ശേഷി നഷ്ടപ്പെട്ട ആഫിയ വീൽചെയറിലാണ് അദാലത്തിനെത്തിയത്. ചികിത്സാ സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച് നിമിഷങ്ങൾക്കകം പതിനായിരം രൂപ അനുവദിച്ചു. മകളുടെ തുടർ ചികിത്സയ്ക്ക് സഹായം ലഭിച്ചതിൻ്റെ ആശ്വാസത്തിലാണ് ആഫിയയുടെ മാതാപിതാക്കളായ കെ.പി സജിയും എം.ടി ഷാമിലയും.

ഈരാറ്റുപേട്ട തെക്കേക്കര കള്ളുപുരയ്ക്കൽ ആഫിയ ഷാജിക്ക് വീൽ ചെയറിൻ്റെ സഹായമില്ലാതെ ചലിക്കാനാവില്ല. സെയിൽസ്മാനായ പിതാവിന് പതിനൊന്നുകാരിയായ മകളുടെ ചികിത്സയ്ക്ക് വലിയൊരു തുക ഇതിനോടകം ചിലവായിട്ടുണ്ട്. ആഫിയയെ കൂടാതെ രണ്ടു പെൺകുട്ടികൾ കൂടി ഇവർക്കുണ്ട്. തുടർ ചികിത്സയ്ക്ക് മാര്‍ഗം തേടിയാണ് അദാലത്തിലെത്തിയത്. 

ലൈഫ് പ്രതീക്ഷയുമായി തങ്കമണി

വെള്ളപ്പൊക്കത്തില്‍ വീടിന് നാശനഷ്ടമുണ്ടായതിനെത്തുടര്‍ന്ന് ദുരിതത്തിലായ തങ്കമണിക്കു മുന്നില്‍ ലൈഫ് മിഷന്‍ പ്രതീക്ഷയുടെ വാതില്‍ തുറന്നു. ലൈഫ് മിഷനില്‍ വീട് അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നാണ് അദാലത്തില്‍നിന്ന് ഇവരെ അറിയിച്ചത്. 

അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിനുള്ള വഴി തേടിയാണ് മണിയാപറമ്പ് പുത്തൻപറമ്പ് വീട്ടിൽ പി.കെ തങ്കമണി ഇന്നലെ അദാലത്തിലെത്തിയത്. 
ഭർത്താവു മരിച്ച ഇവർക്ക് സർക്കാരിൽ നിന്നു ലഭിക്കുന്ന കർഷക പെൻഷനായ 1600 രൂപ മാത്രമാണ് ഏക വരുമാനം.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന മകള്‍ക്ക് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ജോലി നഷ്ടമായി. 

ബി.പി.എൽ വിഭാഗത്തിലായിരുന്ന ഇവരുടെ റേഷൻ കാർഡ് അന്ത്യോദയ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ആവശ്യവും അദാലത്തിൽ പരിഗണിച്ചു.


ജമീലയുടെ കാത്തിരിപ്പിന് വിരാമം

എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റി കിട്ടുന്നതിനുവേണ്ടിയുള്ള മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ആറാം വാർഡ് കറ്റു വെട്ടിയേൽ ജമീല ബിജുവിന്‍റെ കാത്തിരിപ്പിന് വിരാമം. 

സാന്ത്വന സ്പര്‍ശം അദാലത്തില്‍ മന്ത്രിമാരായ പി. തിലോത്തമനും ഡോ. കെ.ടി. ജലീലും ചേര്‍ന്ന് പുതിയ ബി.പി.അല്‍ കാര്‍ഡ് ജമീലയ്ക്ക് കൈമാറി. 

നട്ടെല്ലിനു രോഗം ബാധിച്ച ജമീലയ്ക് റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആയതിനാല്‍ പല ആനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. 

ആരോഗ്യം മോശമായതിനെത്തുടർന്ന് ഇവര്‍ക്ക് സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടമായി. ഡ്രൈവറായ ഭർത്താവിന്‍റെ വരുമാനമാണ് വിദ്യാർഥികളായ രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയം.

أحدث أقدم