സന്ദീപ് വചസ്പതി വിഷവാഹി, മുമ്പും വര്‍ഗീയ പ്രകോപനം ഉണ്ടാക്കി’ ; ബീമാപള്ളി സംഭവം ചൂണ്ടികാട്ടി മാധ്യമ പ്രവര്‍ത്തകന്‍


ആലപ്പുഴയിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വിവാദം സൃഷ്ടിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. സന്ദീപ് വചസ്പതി ഇതിന് മുമ്പും വര്‍ഗീയ കുപ്രചാരണങ്ങള്‍ നടത്തി പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ടിസി രാജേഷ് സിന്ധു ഫേസ്ബുക്കില്‍ കുറിച്ചു. മുമ്പ് വചസ്പതിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശങ്ങള്‍ ചൂണ്ടാക്കാട്ടിയാണ് ആരോപണം. ഈ വിഷയം ഉയര്‍ത്തി രാജേഷ് 2017 ല്‍ എഴുതിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ടിസി രാജേഷ് സിന്ധുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

2017 ഫെബ്രുവരിയിലാണ്. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഒരാളുടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോല്‍സവം നടക്കുന്ന വേളയില്‍ ബീമാപ്പള്ളിയില്‍ നിന്നെത്തിയ എസ്ഡിപിഐ- എന്‍ഡിഎഫ് ഗുണ്ടകള്‍ ക്ഷേത്രപരിസരത്ത് കടന്നുകയറി ഉല്‍സവം അലങ്കോലപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചുവെന്നതായിരുന്നു ഒരെണ്ണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെന്ന വ്യാജേന ജിഹാദികള്‍ ചെങ്കൊടിയേന്തി ക്ഷേത്രത്തില്‍ ആക്രമണം നടത്തുകയായിരുന്നെന്നായിരുന്നു ആ സന്ദേശം.
കാട്ടാക്കടയില്‍ ദളിത് സ്ത്രീക്കുനേരേ ഡിവൈഎഫ്ഐക്കാര്‍ ആക്രമണം നടത്തിയെന്നായിരുന്നു രണ്ടാമത്തെ സന്ദേശം. ആ സന്ദേശത്തില്‍ ഡിവൈഎഫ്ഐ നേതാവ് ഐ. സാജുവിന്റെ പേര് സന്ദേശമിട്ടയാള്‍ എഴുതിയിരുന്നത് മുഹമ്മദ് ഇസ്മായില്‍ സാജു എന്നായിരുന്നു. ഐ.സാജു എന്ന് ഔദ്യോഗിക നാമമുള്ള, അങ്ങനെ മാത്രം അറിയപ്പെടുന്ന ഡിവൈഎഫ്ഐ നേതാവിന്റെ പേര് വിപുലീകരിച്ചതിലൂടെ മുസ്ലീം സമുദായത്തെ പ്രതിക്കൂട്ടില്‍ നിറുത്താനായിരുന്നു ആ സന്ദേശത്തിലൂടെ ശ്രമിച്ചത്.
(ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്ന് ഞാനിട്ട ഫെയ്സ് ബുക് പോസ്റ്റിന്റെ ലിങ്ക് കമന്റിടത്തില്‍ കൊടുക്കുന്നു).
ഈ രണ്ടു സന്ദേശവും വന്നത് ഒരാളില്‍ നിന്നാണ്. പിന്നീട് പേരിനൊപ്പം വചസ്പതി എന്നുകൂടി ചേര്‍ത്ത്, ഇന്നലെ ആലപ്പഴയില്‍ പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ കടന്നുകയറി പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ച അതേയാളില്‍ നിന്ന്. പുള്ളി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇതാദ്യമല്ലെന്നും ഏറ്റവും വിഷവാഹിയാണെന്നും സൂചിപ്പിക്കാന്‍ മാത്രമാണ് പഴയ സംഭവങ്ങള്‍കൂടി ഇവിടെ പറഞ്ഞത്.
Previous Post Next Post