കോട്ടയം: ആർ ടി പി സി ആർ ടെസ്റ്റിൽ സർക്കാർ തീരുമാനം അവഗണിച്ച് സ്വകാര്യ ലാബുകൾ. സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയായി സർക്കാർ കുറച്ചിട്ടും ഇന്നും ഈടാക്കിയത് 1700 രൂപ.
സംസ്ഥാനത്തുടനീളം ശാഖകളുള്ള സ്വകാര്യ ലാബ് ശൃംഖലയിലെ കോട്ടയത്തെ ബ്രാഞ്ചിൽ ആണ് സർക്കാർ ഉത്തരവ് അവഗണിച്ച് ഇന്നും അമിത നിരക്ക് ഈടാക്കിയിരിക്കുന്നത്.
നിരക്ക് കുറച്ച വിവരം പരിശോധനക്ക് എത്തിയവർ ചൂണ്ടിക്കാട്ടിയപ്പോൾ തങ്ങൾക്ക് നിർദ്ദേശമൊന്നും വന്നിട്ടില്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്.
രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ ആർ ടി പി സി ആറിന് ഈടാക്കുന്നതെന്ന ആക്ഷേപം ശക്തമായതോടെയാണ് നിരക്ക് കുറയ്ക്കാൻ സർക്കാർ തല തീരുമാനം ഉണ്ടായത്. ഇവിടെ 1700 രൂപ ഈടാക്കപ്പെടുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ഇതേ പരിശോധനയ്ക്ക് 400 മുതൽ 500 വരെയാണ് നിരക്ക്.
ഐ സി എം ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമായി തുടങ്ങിയതിനാലാണ് നിരക്ക് കുറച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പത്രക്കുറിപ്പിലൂടെ ഇന്നലെ അറിയിച്ചിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണ് പുതുക്കിയ നിരക്കെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.