യുഎഇ കോൺസൽ ജനറലിന് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയിച്ചിട്ടുണ്ട്. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇവർ പ്രതികളാകുമെന്ന് കസ്റ്റംസ് അറിയിച്ചു.
ആറ് മാസം മുൻപാണ് ഇരുവരേയും പ്രതികളാക്കാൻ കസ്റ്റംസ് അപേക്ഷ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നൽകിയത്. കോൺസുൽ ജനറൽ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷ റാഷിദ് ഖമീസ് അലിയും സ്വർണം പിടിച്ചതിന് പിന്നാലെ യുഎഇയിലേക്ക് കടന്നിരുന്നു.
ജൂൺ 30നാണ് ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വർണം വിമാനത്താവളത്തിൽ എത്തുന്നത്. ജൂലൈ അഞ്ചിന് ഇതിൽ പതിനാലരക്കോടിയുടെ സ്വർണം ഉണ്ടെന്ന് കണ്ടെത്തി. ഈ ബാഗ് കോൺസൽ ജനറലിന്റെ പേരിൽ വന്ന നയതന്ത്ര ബാഗാണ്. അതിനാൽ തന്റെ ബാഗ് തുറക്കുന്നത് തടയാൻ അറ്റാഷയും കോൺസൽ ജനറലും കസ്റ്റംസിന്റെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെ ഇവർ യുഎഇയിലേക്ക് കടക്കുകയായിരന്നു.
കേസ് രജിസ്റ്റർ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ സ്വപ്‌ന സുരേഷും സന്ദീപും അടക്കം 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വപ്‌നയും സന്ദീപും അറ്റാഷയ്ക്കും കോൺസൽ ജനറലും എതിരെ മൊഴിയും നൽകിയിട്ടുണ്ട്.