ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ജോവാൻ മധുമല 
പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചാണ് വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു പ്രതി. വിനീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച സംഭവത്തില്‍ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.

ജൂണ്‍ 17 നാണ് 21 കാരിയായ ദൃശ്യയെ വിനീഷ് വീട്ടില്‍കയറി കുത്തിക്കൊലപ്പെടുത്തിയത്. വിവാഹഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ദൃശ്യയുടെ സഹോദരിക്കും നെഞ്ചിലും കൈയ്ക്കും പരിക്കു പറ്റിയിരുന്നു.

ദൃശ്യയെ കുത്തുന്നത് തടയാന്‍ ശ്രമിക്കവെയാണ് സഹോദരിക്കും കുത്തേറ്റത്. മരിച്ച ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ കട വിനീഷ് തലേന്ന് രാത്രി കത്തിച്ചിരുന്നു. കട കത്തി നശിച്ചതിനാല്‍ ദൃശ്യയുടെ പിതാവ് വീട്ടിലുണ്ടാവില്ലെന്ന് പ്രതി കണക്കു കൂട്ടി. ഇതുറപ്പാക്കിയ ശേഷമാണ് പ്രതി പിറ്റേന്ന് രാവിലെ ദൃശ്യയെ കൊലപ്പെടുത്താന്‍ വീടിനുള്ളില്‍ കയറിയത്. പെണ്‍കുട്ടികളുടെ അമ്മ ശുചിമുറിയിലായതു കൊണ്ട് ഈ സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. കൈയ്യില്‍ കരുതിയ കത്തിക്ക് മൂര്‍ച്ചയില്ലാത്തതിനാല്‍ ദൃശ്യയുടെ വീട്ടിലെ അടുക്കളയില്‍ നിന്നെടുത്ത കത്തികൊണ്ടായിരുന്നു ആക്രമണം.
സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി രക്ഷപ്പെടുകയും തൊട്ടടുത്ത ബസ് സ്‌റ്റോപ്പില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി പോവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഓട്ടോ ഡ്രൈവറെ വിളിച്ച് വിവരമറിയിച്ചു. അവസരോചിതമായി ഇടപെട്ട ഓട്ടോഡ്രൈവര്‍ വിനീഷിനെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു
Previous Post Next Post