പാലക്കാട് : ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം കോയമ്പത്തൂരിലെ എസ് ഡി പി ഐ കേന്ദ്രങ്ങളിലേക്ക്. സഞ്ജിത്തിനെ വെട്ടിക്കൊന്നത് കോയമ്പത്തൂരിൽ നിന്നുള്ള എസ് ഡി പി ഐ സംഘമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ വന്നത് തത്തമംഗലം വഴിയാകാമെന്ന നിഗമനത്തിലാണ് പോലീസ്. അങ്ങനെയെങ്കിൽ ഇവർ കോയമ്പത്തൂരിൽ നിന്നുള്ള സംഘമാകാമെന്നാണ് സംശയിക്കുന്നത്. തൃശ്ശൂർ ഭാഗത്തേക്ക് പോയി കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിച്ച ശേഷം കോയമ്പത്തൂരിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
ഇന്നലെ കണ്ണന്നൂരിൽ നിന്ന് ചാക്കിൽ പൊതിഞ്ഞ നിലയിൽ നാല് വാളുകൾ കണ്ടെത്തിയിരുന്നു. വാളുകളിൽ രക്തപ്പാടുകളുണ്ട്. ആയുധം കണ്ടെത്തിയ സ്ഥലത്ത് വെളുത്ത കാറിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.