ജോവാൻ മധുമല
പാമ്പാടി : പാമ്പാടി പഞ്ചായത്ത് 15 ആം വാർഡിലെ പൊത്തൻപുറം ദയറാ റൂട്ടിൽ മിനി എം .സി .എഫിന് ചുറ്റും മാലിന്യക്കൂമ്പാരം ,15 അം വാർഡിൽ നിരവധി റോഡുകൾ തകർന്ന നിലയിൽ തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികാരികൾ.
കഴിഞ്ഞ കുറെ വർഷങ്ങളായി പൂർണ്ണമായും തകർന്ന നിലയിലാണ് ഈ വാർഡിലെ പല റോഡുകളുടെയും അവസ്ഥ.
നാട്ടുകാരുടെ പരാതികൾക്ക് പരിഹാരം കാണാൻ ചുമതലപ്പെട്ടവർ അതിന് തയാറാകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
10 ൽപ്പരം വർഷങ്ങളായി പറക്കാവ് റോഡ് തകർന്ന നിലയിലാണ്. പരാതി പറയുമ്പോൾ
ഇപ്പം ശരിയാക്കിത്തരാം എന്ന മറുപടിയല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ജനങ്ങൾക്കിടയിൽ വ്യാപകമായുണ്ട്.
കൂടാതെ ഈ വാർഡിലെ മിക്ക റോഡുകളുടെയും
ഇരുവശവും കാടുപിടിച്ച് കിടക്കുകയാണ്. സുരക്ഷിത യാത്രക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വഴിയോരങ്ങളിലെ കാട് തെളിക്കാൻ ഗ്രാമപഞ്ചായത്ത് അംഗം മുൻകൈ എടുത്ത് സത്വര നടപടികൾ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഇതിനിടയിൽ ആണ് എംഎസിഎഫിന് ചുറ്റും മാലിന്യ കൂമ്പാരം ആയിരിക്കുന്നത്. ഇവ നീക്കം ചെയ്യാനോ, സംസ്കരിക്കാനോ ഉള്ള ഒരു ശ്രമവും വാർഡ് മെമ്പറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന പരാതികളും, ആക്ഷേപങ്ങളും നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസുമായി പങ്കുവെച്ചു.
ഈ സ്ഥിതി തന്നെയാണ് പാമ്പാടി ഗ്രാമപഞ്ചായത്തിലെ മിക്ക വാർഡുകളിലും ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള M C F ലും , ചിലത് കാടുപിടിച്ച് സർപ്പക്കാവ് പോലെയാണ്. വീടുകളിൽനിന്ന് സംഭരിക്കുന്ന പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംഭരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായാണ് എംസിഎഫുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം ഇപ്പോൾ ജനങ്ങൾക്ക് ഭാരമായി മാറുകയാണ്.
പാമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സത്വരശ്രദ്ധയും അടിയന്തര ഇടപെടലും വാർഡുകളിലെ ജനകീയ പ്രശ്നങ്ങളിൽ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രത്യാശ