കൊച്ചി : പ്രതിഷേധങ്ങൾ തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുര്‍ബാന. സെന്റ് മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആണ് പരിഷ്കരിച്ച കുർബാന അർപ്പിച്ചത്.
വിമത വിഭാഗം പ്രതിഷേധത്തിനൊരുങ്ങുമെന്ന സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ഏകീകൃത കുർബാനക്കായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി എത്തിയതും കനത്ത പൊലീസ് കാവലിൽ ആയിരുന്നു.
മാർപാപ്പയുടെ നിർദേശ പ്രകാരമാണ് വൈകിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടന്നത്.
അതേസമയം എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ കുർബാന ചടങ്ങിൽ നിന്ന് വിട്ടു നിന്നു.
ഓശാന ചടങ്ങുകളോട് അനുബന്ധിച്ച് വിശ്വാസികൾക്ക് കുരുത്തോല നൽകി. ശേഷം പ്രദക്ഷിണം. അതിനുശേഷമായിരുന്നു ഏകീകൃത കുർബാന.
നവംബർ 28 മുതൽ സിറോ മലബാർ സഭയിലെ ബസലിക പള്ളികളിൽ പുതുക്കിയ കുർബാന നടപ്പാക്കാൻ ആയിരുന്നു സിനഡ് നിർദേശം.
എന്നാൽ എതിർപ്പുകൾ തുടർന്നതോടെയാണ് ഏകീകൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ വൈകിയത്.