കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്


കൊച്ചി: യുവനടിയെ നടിയെ ആക്രമിച്ച കേസിലും  അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാൻ ഗൂഢാലോചാന നടത്തിയെന്ന കേസിലും പ്രതിയായ നടൻ ദിലീപിൻ്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലിൽ കാവ്യാ മാധവൻ  നൽകിയ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. 

ക്രൈംബ്രാഞ്ച് എ‍ഡിജിപി അടക്കമുളളവരുടെ അനുമതിയോടെയാകും തുടർ നടപടികൾ. കാവ്യാ മാധവന്‍റെ മൊഴികളിലെ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണസംഘത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും മുൻ വൈരാഗ്യമുണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. എന്നാൽ തുടരന്വേഷണത്തിന്‍റെ മുന്നോട്ടുളള പോക്കിൽ കാവ്യയുടെ മൊഴി നിർണായകമാണെങ്കിൽ മാത്രം വീണ്ടും ചോദ്യം ചെയ്താൽ മതിയെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിലപാട്.

ഒരുമാസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കാവ്യമാധവനെ ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്തത്. സാക്ഷിയായത് കൊണ്ട് തന്നെ മൊഴിയെടുക്കാൻ വീട്ടിൽ എത്തണമെന്ന് കാവ്യാമാധവൻ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ എസ് പി സുദർശനും ബൈജു പൗലോസും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എസ് പി മോഹന ചന്ദ്രനുമാണ് ഒരുമിച്ച് ദിലീപിന്‍റെ വീട്ടിൽ എത്തിയത്. ചോദ്യം ചെയ്യൽ നാലര മണിക്കൂർ നീണ്ടു.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെയും ഒപ്പം കാവ്യയുടെ ജീവനക്കാരനായിരുന്ന സാഗറിന്‍റെ മൊഴികളാണ് കാവ്യക്ക് തിരിച്ചടിയായത്. വധ ഗൂഢാലചന കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച ഫോണ്‍ രേഖകളും ഡിജിറ്റൽ തെളിവുകളും കാവ്യക്ക് പ്രശ്നമാണ്. കേസിൽ ഇതു വരെ സാക്ഷിയായ കാവ്യ മൊഴിയെടുക്കലിന് ശേഷം പ്രതിയാക്കപ്പെടുമോ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. മുമ്പ് രണ്ട് തവണ കാവ്യക്ക് ചോദ്യം ചെയ്യലിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.

ഒരു തവണ സ്ഥലത്ത് ഇല്ല എന്ന അറിയിച്ചും രണ്ടാം തവണ ആലുവയിൽ വീട്ടിൽ മാത്രമെ മൊഴിയെടുക്കലിനോട് സഹകരിക്കാൻ കഴിയു എന്നും കാവ്യ നിലപാട് എടുത്തു. മൂന്നാമത്തെ നോട്ടീസിലാണ് കാവ്യയുടെ വീട്ടിലേക്ക് തന്നെ എത്താൻ അന്വേഷണ സംഘങ്ങൾ തിരുമാനിച്ചത്. ശബ്ദരേഖകളും ദൃശ്യങ്ങളും ഉൾപ്പെടുത്തി വിശദമായ ചോദ്യാവലി വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കാവ്യയുടെ മാതാപിതാക്കളും ഈ സമയം ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽ ഉണ്ടായിരുന്നു.


Previous Post Next Post