✒️ജോവാൻ മധുമല
2011ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി പ്രതിഷേധം ഭയന്ന് ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ് നടപടിയുടെ നിയമസഭാ രേഖ പുറത്ത്. ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ചതിനെക്കുറിച്ച് കെ രാധാകൃഷ്ണന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. കെ രാധാകൃഷ്ണന്റെ ചോദ്യം ഇങ്ങനെ: ''വയനാട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ സംവിധാനത്തിന്റെ പേരില്‍ ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ് നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.''
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി ഇങ്ങനെ: ''16.09.11ലെ മുഖ്യമന്ത്രിയുടെ വയനാട് ജില്ലാ സന്ദര്‍ശന വേളയില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ വേദിയിലേക്ക് പോയ ആദിവാസി സ്ത്രീകളില്‍ മൂന്ന് പേര്‍ മേല്‍ വസ്ത്രത്തിന് പുറമേ കറുത്ത തുണി അരയില്‍ കച്ചയായി ധരിച്ചത് കാണപ്പെട്ടു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് അവഹേളിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാപരമായ കാരണങ്ങളാല്‍ തല്‍ക്കാലത്തേക്ക് പ്രസ്തുത കച്ച ഒഴിവാക്കുവാന്‍ തല്‍സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാര്‍ അഭ്യാര്‍ത്ഥിച്ചതിന്‍ പ്രകാരം ആദിവാസി സ്ത്രീകള്‍ സ്വമേധയാ കച്ച ഒഴിവാക്കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.''
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചരണത്തിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ 'കറുപ്പിനോടുള്ള വിരോധവും' സൈബര്‍ സിപിഐഎം ചര്‍ച്ചയാക്കിയത്.കറുത്ത മാസ്‌ക് പോലും വിലക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് ഇന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ''ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് തടസമുണ്ടാവരുതെന്നതും പ്രധാനപ്പെട്ടതാണ്. അതെല്ലാം പൊലീസ് ശ്രദ്ധിച്ചേ പറ്റൂ. പക്ഷേ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ കരിങ്കൊടി കാട്ടാന്‍ പാടില്ല, കറുത്ത മാസ്‌കും കറുത്ത ഉടപ്പും ഉപയോഗിക്കാന്‍ പാടില്ലയെന്നൊന്നും പറയുന്നത് ജനാധിപത്യ സമൂഹത്തില്‍ ഭൂഷണമല്ല. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തിന്റെ വഴിവിട്ട പ്രതിഷേധമായിരുന്നു. എനിക്കെതിരെ കല്ലേറ് വരെയുണ്ടായില്ലേ. അത്തരമൊരു സാഹചര്യം ഇപ്പോള്‍ ഇല്ല. സുരക്ഷ തുടരണമോയെന്നതെല്ലാം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.''-ഉമ്മന്‍ചാണ്ടി പറഞ്ഞു