തൃക്കൊടിത്താനത്ത് നിന്നും150 പൊതി കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടിക്കൂടി


ചങ്ങനാശേരി: വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 150 പൊതി കഞ്ചാവുമായി യുവാവിനെ ചങ്ങനാശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.പി. പ്രവീണിന്റെ നേതൃത്വത്തില്‍ തൃക്കൊടിത്താനത്ത് നിന്നും അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കുന്നുംപുറം 17-ാം വാര്‍ഡില്‍ വലിയവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലിബിന്‍ ആന്റണിയെ(23) ആണ് അറസ്റ്റ് ചെയ്തത്. 150 പൊതികളിലായി മുക്കാല്‍ കിലോയോളം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കൂടാതെ കഞ്ചാവ് കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനം, രണ്ട് മൊബൈല്‍ ഫോണുകള്‍, കഞ്ചാവ് തൂക്കി ചെറിയ പൊതികളാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്സ് എന്നിവയും പിടിച്ചെടുത്തു. പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. വീട് പരിശോധിക്കാനായി എക്സൈസ് പാര്‍ട്ടി എത്തിയ സമയം ഇയാള്‍ കഞ്ചാവ് വില്‍പ്പനക്കായി ചെറിയ കവറുകളില്‍ നിറയ്ക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍പറഞ്ഞു. 
തൃക്കൊടിത്താനം, കുന്നുംപുറം, പായിപ്പാട് ഭാഗങ്ങളിലാണ് പ്രധാന കച്ചവടം. വിദ്യാര്‍ത്ഥികളായ ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചിട്ടുണ്ട്. 

ഇവരെ വരും ദിവസങ്ങളില്‍ കണ്ടെത്തി ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങിനും ഡീഅഡിക്ഷനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഇയാളോടൊപ്പം ചേര്‍ന്ന് കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുന്ന മറ്റ് മൂന്ന് പേരെ കുറിച്ചും വ്യക്തമായ സൂചന എക്സൈസിന് ലഭിച്ചിട്ടുണ്ട്.

 തൃക്കൊടിത്താനം പായിപ്പാട് ഭാഗത്ത് നിന്നും മാത്രം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ചങ്ങനാശേരി എക്സൈസ് 19 കേസുകളില്‍ നിന്നായി 19 പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇതില്‍ കഞ്ചാവ് കൂടാതെ ഹെറോയിന്‍, എം.ടി.എം.എ എന്നിവയും ഉള്‍പ്പെടുന്നു. ഇന്നലെ നടന്ന പരിശോധന സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുമേഷ്, അഞ്ജിത്, ഡ്രൈവര്‍ റോഷി വര്‍ഗ്ഗീസ് എന്നിവരും പങ്കെടുത്തു.


أحدث أقدم