പോയി പണി നോക്ക്, പഴകിപ്പുളിച്ച വര്‍ഗീയ ആരോപണങ്ങള്‍': കെ സുരേന്ദ്രനോട് ലീഗ്


കോഴിക്കോട്: മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആരോപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ലീഗിന് മേല്‍ പഴകിപ്പുളിച്ച വര്‍ഗീയ ആരോപണവുമായി ആര് വന്നാലും പോയി പണി നോക്ക് എന്നേ പറയാനുള്ളൂയെന്ന് കെപിഎ മജീദ് പ്രതികരിച്ചു. ലീഗിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തങ്ങള്‍ക്ക് അഭിമാനവും ആവേശവുമാണെന്ന് മജീദ് പറഞ്ഞു.കെപിഎ മജീദ് പറഞ്ഞത്: ''രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും, മുസ്‌ലിംകളാദി പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ, സാമൂഹിക പ്രാതിനിധ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ് മുസ്‌ലിംലീഗ്. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട് കാലമായി സ്വതന്ത്ര ഇന്ത്യയില്‍ ഈ ചെറുസംഘം സ്വന്തമായ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് ഈ രാഷ്ട്രീയ പ്രസക്തിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. മതേതര ഇന്ത്യയും വിശിഷ്യാ കേരളവും മുസ്‌ലിംലീഗിന് നല്‍കിയ അംഗീകാരങ്ങള്‍ ഈ പാര്‍ട്ടിയുടെ ചരിത്രത്തിലെ പൊന്‍തൂവലുകളാണ്.''''ചരിത്രവും ചിത്രവും പകല്‍പോലെ വ്യക്തമായിരിക്കെ, മുസ്‌ലിംലീഗിന് മേല്‍ പഴകിപ്പുളിച്ച വര്‍ഗീയ ആരോപണവുമായി ആര് വന്നാലും പോയി പണി നോക്ക് എന്നേ പറയാനുള്ളൂ. നിങ്ങളേക്കാള്‍ വലിയ കൊലകൊമ്പന്മാര്‍ ലീഗിനെതിരെ വാളെടുത്തിരുന്ന കാലത്തും ഈ ഹരിതപതാക നെഞ്ചോട് ചേര്‍ത്ത ഖാഇദെ മില്ലത്തിന്റെ പാതയില്‍ ഞങ്ങള്‍ പ്രയാണം തുടരുക തന്നെ ചെയ്യും. അഭിമാനമാണ് ഈ പ്രസ്ഥാനം. അതിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഞങ്ങള്‍ ആവേശഭരിതരാണ്.''രക്തത്തിലും മജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്ലീംലീഗ് എന്നാണ് കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ലീഗിനെ ഇടതുമുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് എംവി ഗോവിന്ദന്‍. യുസി രാമന് പോലും ലീഗില്‍ അംഗത്വമില്ല. മുസ്ലീങ്ങള്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പേരില്‍ തന്നെ മതമുള്ള പാര്‍ട്ടിയാണ് ലീഗ് എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.''ഷാബാനു കേസില്‍ എന്തായിരുന്നു ലീഗിന്റെ നിലപാടെന്ന് സിപിഐഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവര്‍ക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവര്‍ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഐഎമ്മിനുള്ളത്. കച്ചവട പാര്‍ട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോള്‍ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഐഎം നല്‍കുക. ലീഗിന്റെ മുന്നണി പ്രവേശന കാര്യത്തില്‍ സിപിഐയില്‍ അടി തുടങ്ങി കഴിഞ്ഞു.'' സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.


أحدث أقدم