ബ്രേക്കില്ലാത്ത സൈക്കിളുമായി ഒരു തീര്‍ത്ഥയാത്ര; പ്രകാശന്‍ സ്വാമിയുടെ യാത്ര ഇക്കുറി ശബരിമലയ്ക്ക്


എരുമേലി : തെക്കേ ഇന്ത്യ മുഴുവന്‍ ബ്രേക്കില്ലാത്ത സൈക്കിളില്‍ സഞ്ചരിച്ച് തീര്‍ത്ഥാടന യാത്രയിലായിരുന്നു പ്രകാശന്‍ സ്വാമി. ബ്രേക്കും ഉണ്ടായിട്ടും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന നാട്ടിലേക്കാണ് ബ്രേക്കില്ലാത്ത സൈക്കിളില്‍ ഈ ധൈര്യശാലിയുടെ ഇക്കുറിയുള്ള യാത്ര. കഴിഞ്ഞ വര്‍ഷം രാമേശ്വരത്തു നിന്നും ആരംഭിച്ച യാത്രയാണ് ശബരിമല തീര്‍ത്ഥാടനത്തിലേക്ക് എത്തിയത്. 
കഴിഞ്ഞ ദിവസം എരുമേലിയിലെത്തി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയശേഷമാണ് സൈക്കിളില്‍ തന്നെ പമ്പയിലേക്ക് പോയത്. തൃശ്ശൂര്‍ ചാലക്കുടി സ്വദേശിയായ പ്രകാശന്‍ (77) ഭാരത് സര്‍ക്കസിലെ സൈക്കിള്‍ കലാകാരനായിരുന്നു. ജീവിതത്തില്‍ കിട്ടിയ ഈ അനുഭവമാണ് സാഹസിക യാത്ര തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രകാശന്‍ സ്വാമി പറഞ്ഞു.  
തെക്കേ ഇന്ത്യല്‍ സംസ്ഥാനങ്ങളിലെ പുണ്യക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തിയാണ് കേരളത്തിലേക്കുള്ള തീര്‍ത്ഥയാത്രക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഇതേ സൈക്കിളില്‍ ജമ്മുകാശ്മീരിലെ ലഡാക്കില്‍ പോയി ശ്രദ്ധേയനായ പ്രകാശന്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നതും ഇത് ആദ്യമാണ്. ജനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് സഞ്ചാരം നടത്തുന്നത്. 
ബ്രേക്കില്ലാത്ത സൈക്കിളിലുള്ള യാത്രക്കിടയില്‍ നിരവധി അപകടങ്ങളും കണ്ടു. ഏതു വാഹനമാണെങ്കിലും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന സന്ദേശമാണ് പ്രകാശന്‍ ഓരോരുത്തര്‍ക്കും നല്കുന്നത്.

أحدث أقدم