രാഹുലിന് എതിരായ മാനനഷ്ട കേസില്‍ വിധി 23ന്, കോടതിയില്‍ ഹാജരാകും


 
 സൂറത്ത് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി വ്യാഴാഴ്ച വിധി പറയും.

 'എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേരുവന്നത്' എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് വിധി പറയുന്നത്. വിധി പറയുന്ന ദിവസം രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കിരിത് പന്‍വാല പറഞ്ഞു. 

കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി. 

കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍, പ്രസ്താവനയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

أحدث أقدم