പത്മ ലക്ഷ്മി; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക



 കൊച്ചി : സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരില്‍ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു. 

ചെറുപ്പം മുതലേ അഭിഭാഷകയാകണമെന്നായിരുന്നു ആഗ്രഹം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ് എല്‍എല്‍ബി എടുക്കുന്നത്. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിച്ചത്. ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ട് പോകാന്‍ കുടുംബം പിന്തുണ നല്‍കിയിരുന്നു. എന്തു കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടത് എന്ന് അച്ഛനും അമ്മയും പറഞ്ഞത് വലിയ ആശ്വാസമായെന്നും പത്മ പറഞ്ഞു.

മുന്നോട്ടുളള യാത്രയില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകരുതെന്ന് തീരുമാനിച്ചിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കിയാല്‍ തന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് അവര്‍ക്ക് പേടിയുണ്ടാകില്ലെന്ന് വിശ്വസിച്ചു. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിരുന്നു. 

ട്യൂഷനെടുത്തും, ഇന്‍ഷുറന്‍സ് ഏജന്റായും, പിഎസ്‌സി ബുളളറ്റിന്‍ വിറ്റുമാണ് ചെലവിനുളള തുക കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും പത്മലക്ഷ്മി പറഞ്ഞു.

പ്രാക്ടീസിന് ശേഷം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷകള്‍ എഴുതാനാണ് തീരുമാനം.

 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുളളവര്‍ക്ക് തന്റെ പക്കലുളള പുസ്തകങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പത്മലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

أحدث أقدم