വിമാന യാത്രക്കാരിയെ തേൾ കുത്തിയതായി പരാതി. എയർ ഇന്ത്യാ വിമാനത്തിലാണ് സംഭവം. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയെ തേള് കുത്തിയത്. വിമാനം പറന്നുയർന്നതിന് ശേഷമാണ് തേളിന്റെ ആക്രമണമുണ്ടായതെന്ന് യാത്രക്കാരി പറയുന്നു. ഏപ്രിൽ 23നാണ് സംഭവം നടന്നതെന്നും നിലവിൽ യാത്രക്കാരിക്ക് ശാരീക ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടർ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിമാനത്തിനുള്ളിൽ പക്ഷികളെയും എലികളെയുമെല്ലാം കാണുന്ന സംഭവങ്ങളുണ്ടാകാറുണ്ടെങ്കിലും ഒരു യാത്രക്കാരിയെ തേള് കുത്തുന്ന സംഭവം ഇത് ആദ്യമാണ്. എയർ ഇന്ത്യയുടെ എ.ഐ 630 എന്ന വിമാനത്തിലാണ് സംഭവം.