തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ . മുഖ്യമന്ത്രിയെ കൊത്തിവലിക്കാന്‍ അനുവദിക്കില്ല. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയുള്ള മുദ്രാവാക്യം വിളി ജനം വിലയിരുത്തുമെന്നും ഇപി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മുഖ്യമന്ത്രി ആ ആനുസ്മരണപരിപാടിയില്‍ പങ്കെടുത്തതില്‍ അഭിമാനം കൊള്ളുന്നയാളാണ് താന്‍. ആ രാഷ്ട്രീയം കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും ഇല്ലാതെ പോയി. സിപിഎമ്മോ, എല്‍ഡിഎഫോ രാഷ്ട്രീയപരമായോ അല്ലാതെയോ ഇന്നുവരെ ആരെയും വേട്ടയാടിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല. ഇഎംഎസിനെതിരെയും നായനാര്‍ക്കെതിരെയും ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടായിട്ടില്ലേ?. ദുര്‍ബലമായ രാഷ്ട്രീയത്തിന്റെ വക്താക്കളും ദുര്‍ബലമായ രാഷ്ട്രീയം കൈവശമുള്ളവരുമാണ് തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.