കോട്ടയംകുറിച്ചി മന്ദിരം കവലയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 1.25 കോടിയുടെ പണയ സ്വർണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും മോഷണംപോയ സംഭവത്തിന് പിന്നിൽ വൻ ആസൂത്രണം.




കോട്ടയം: എംസി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 1.25 കോടിയുടെ പണയ സ്വർണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും മോഷണംപോയ സംഭവത്തിന് പിന്നിൽ വൻ ആസൂത്രണം. പാറപ്പുറം കുഴിമറ്റം പരമാനന്ദാലയത്തിൽ എ.ആർ.പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സുധ ഫിനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിലാണു മോഷ്ണം നടന്നത്.കഴിഞ്ഞ അഞ്ചിനോ ആറിനോ രാത്രി കവർച്ച നടന്നതായാണു പൊലീസ് സംശയിക്കുന്നത്. ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലാണു സ്ഥാപനം. ശനിയാഴ്ച വൈകിട്ട് അടച്ചശേഷം ഞായറാഴ്ച തുറന്നിരുന്നില്ല. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് രാവിലെ, ധനകാര്യസ്ഥാപനത്തിലേക്കു കയറുന്ന പടിക്കെട്ട് ആരംഭിക്കുന്നിടത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ നിലയിൽ കണ്ടത്. മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണു മോഷ്ടാക്കൾ അകത്തു കയറിയതെന്നു പൊലീസ് പറഞ്ഞു.സ്വർണാഭരണങ്ങളും പണവും അടങ്ങിയ ലോക്കർ കട്ടർ ഉപയോഗിച്ചു പൊളിച്ചു. സ്ഥാപനത്തിലും കയറിയ പടികളിലും സോപ്പുപൊടി വിതറിയിരുന്നു. പൊലീസ് നായയ്ക്കു മണം ലഭിക്കാതിരിക്കാനാണ് ഇതെന്നു പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ രേഖപ്പെടുത്തുന്ന ഡിവിആർ അടക്കം അപഹരിച്ചിട്ടുണ്ട്. അഞ്ചു പേരെങ്കിലും സംഘത്തിലുണ്ടായിരുന്നിരിക്കാമെന്നുമാണു പൊലീസിന്റെ നിഗമനം. പ്രാദേശിക പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി 3 പേരുടെ വിരലടയാളം സ്ഥാപനത്തിനുള്ളിൽ കണ്ടെത്തി. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ.വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു
Previous Post Next Post