2,500 വിഭവങ്ങൾ, പേഡ മുതൽ ജാപ്പനീസ് രുചികൾവരെ; വിളമ്പിയത് പിന്നെ കിട്ടില്ല, ആനന്തിൻ്റെയും രാധികയുടെയും പ്രീ വെഡ്ഡിങ് മെനു വൈറൽമുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്തും രാധിക മെര്‍ച്ചെന്‍റും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാൻ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് അടക്കമുള്ളവരാണ് ഇന്ത്യയിലെത്തുന്നത്. ഗുജറാത്തിലെ ജാംനഗറിൽ മാർച്ച് ഒന്നുമുതൽ മൂന്നുവരെ നീളുന്ന പ്രീ വെഡ്ഡിങ് ചടങ്ങുകൾ ആരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കായി വിപുലമായ ഭക്ഷണ മെനുവാണ് തയാറാക്കിയിരിക്കുന്നത്. 2,500 വിഭവങ്ങൾ അടങ്ങുന്നതാണ് മെനു.

വൈവിധ്യമാർന്ന പാചകരീതികളും രുചികളുമാണ് ഓരോ ദിവസവും അതിഥികൾക്കായി വിളമ്പുക. 25ലധികം ഷെഫുകൾ അടങ്ങുന്ന പ്രത്യേക സംഘം ഇൻഡോറിൽ നിന്ന് ജാംനഗറിലെത്തി. ഇൻഡോർ ഭക്ഷണത്തിനൊപ്പം തായ്, മെക്‌സിക്കൻ, ജാപ്പനീസ്, പാഴ്സി വിഭവങ്ങൾ വിളമ്പും. ഒരിക്കൽ വിളമ്പിയ വിഭവം അടുത്ത ദിവസം വീണ്ടും വിളമ്പില്ല എന്ന പ്രത്യേകതയുമുണ്ട്.

പ്രഭാതഭക്ഷണത്തിൽ മാത്രം 70ലധികം വിഭവങ്ങളുണ്ടാകും. ഉച്ചഭക്ഷണത്തിന് 250 ലധികം വിഭവങ്ങളും അത്താഴത്തിന് 250ലധികം വിഭവങ്ങളുമുണ്ടാകും. അതിഥികൾക്ക് വെഗൻ വിഭവങ്ങൾക്കായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. സസ്യാഹാരികളായ അതിഥികൾക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അർധരാത്രിയിൽ ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 12 മണി മുതൽ പുലർച്ചെ 4 വരെ ലഘുഭക്ഷണം ലഭ്യമാകും.

അൽപ്പം ചൂടുള്ള കാലാവസ്ഥയായതിനാൽ പന്നയും നാരങ്ങ ഷിക്കാഞ്ചിയും പോലെയുള്ള ഉന്മേഷം പകരുന്ന പാനീയങ്ങളും പരമ്പരാഗത ഗുജറാത്തി മധുരപലഹാരങ്ങളുമാണ് വേദിയിലെത്തുമ്പോൾ ആദ്യം നൽകുക. മോഹൻതാൽ, പേഡ, ചുർമ ലഡു, കേസർ പേഡ, ഹൽവാസന, സൂർത്തി ഘരി, പിസ്ത മിഠായി തുടങ്ങി ഗുജറാത്തി മധുര പലഹാരങ്ങളും അഥിതികൾക്കായി വിളമ്പും. ഗുജറാത്തിലെ പരമ്പരാഗത വിഭവങ്ങളും ഉൾപ്പെടുന്നുണ്ട്.

ആനന്തിൻ്റെയും രാധികയുടെയും വിവാഹത്തിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ വിവിധ പരിപാടികളാണ് നടക്കുന്നത്. ജൂലൈ 12ന് മുംബൈയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. പ്രമുഖ ബിസിനസ് മാഗ്നറ്റ് വീരേൻ എ മർച്ചൻ്റിൻ്റെയും ഷൈല വിരേൻ മർച്ചൻ്റിൻ്റെയും മകളാണ് രാധിക.

ബിൽ ഗേറ്റ്‌സ് അടക്കമുള്ളവരാണ് വിശിഷ്ട അഥിതികൾ. ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ എന്നിവരും ബോളിവുഡ് മെഗാസ്റ്റാർമാരായ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും സച്ചിൻ ടെണ്ടുൽക്കറും എംഎസ് ധോണിയും ഉൾപ്പെടെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളും ചടങ്ങിൽ പങ്കെടുക്കും. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ തുടങ്ങിയ പ്രമുഖരും പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ.

Previous Post Next Post